കോഴിക്കോട് : വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയതിന് കോഴിക്കോട് മുൻ തഹസിൽദാരുടെ പെൻഷനിൽ പ്രതിമാസം 300 രൂപ കുറവ് ചെയ്യാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്. കോഴിക്കോട് താലൂക്ക് ഓഫീസിലെ അഡീഷണൽ തഹസിൽദാരായിരുന്ന കെ. സുബ്രഹ്മണ്യത്തിനെതിരെയാണ് നടപടി.
ഇങ്ങാപ്പുഴ വില്ലേജിൽ താമസിക്കുന്ന സെൽവറാണിയുടെ കുടുംബത്തിന് വ്യാജ ജാതി സർട്ടിഫിക്കറ്റ് അനുവദിച്ചുവെന്ന പട്ടികജാതി സമാജത്തിന്റെ പരാതിയിലാണ് അന്വേഷണം നടത്തിയത്. സെൽവറാണി സംസ്ഥാനത്ത് നിലവിൽ ഇല്ലാത്ത ഹിന്ദു -വടുകൻ -പറയൻ എന്ന ജാതി സർട്ടിഫിക്കറ്റ് കോഴിക്കോട് മുൻ തഹസിൽദാർ കെ.സുബ്രമണ്യനാണ് അനുവദിച്ചത്. കെ.സുബ്രമണ്യൻ ചെയ്ത കുറ്റം സംശയാതീതമായി തെളിഞ്ഞു. അതിനാലാണ് അദ്ദേഹത്തിന്റെ പ്രതിമാസ പെൻഷനിൽ നിന്ന് 300 രൂപ കുറവ് ചെയ്യാൻ ഉത്തരവായത്.
പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയത് രണ്ട് ഉദ്യേഗസ്ഥരെയാണ്. താലൂക്ക് ഓഫിസിലെ സർട്ടിഫിക്കറ്റ് വിഭാഗം ജൂനിയർ സൂപ്രണ്ടായിരുന്ന കെ.രവീന്ദ്രൻ, കോഴിക്കോട് മുൻ അഡീഷണൽ തഹസിൽദാർ കെ.സുബ്രഹ്മണ്യൻ എന്നിവർ സേവനത്തിൽ നിന്ന് വിരമിച്ചിരുന്നു.ഈ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ലാൻഡ് റവന്യൂ കമീഷൺ റിപ്പോർട്ട് 2018ൽ നൽകിയത്.
എന്നാൽ, തുടർ അന്വേഷണത്തിൽ വ്യാജ സർട്ടിഫിക്കറ്റ് അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയൽ കെ. രവീന്ദ്രൻ കൈകാര്യം ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇത് കണക്കിലെടുത്ത് രവീന്ദ്രനെ അച്ചടക്ക നടപടിയിൽ നിന്ന് ഒഴിവാക്കിയത്.
2012 ലാണ് ഈങ്ങാപ്പുഴ വില്ലേജിൽ താമസിക്കുന്ന സെൽവറാണിയുടെ കുടുംബത്തിന് ജാതി സർട്ടിഫിക്കറ്റ് നൽകിയത്. തമിഴ്നാട്ടിൽ നിന്ന് വന്ന ഈങ്ങാപ്പുഴ വില്ലേജിൽ താമസമാക്കിയ അവർക്ക് വീടിനുള്ള ധനസഹായം ലഭിക്കുന്നതിനാണ് ജാതി സർട്ടിഫിക്കറ്റ് നൽകിയത്.