കൊച്ചി/കോട്ടയം ∙ കേരളത്തിലെ സർവകലാശാലകളുടേത് ഉൾപ്പെടെ യഥാർഥ ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ മാതൃകയിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന വെബ്സൈറ്റുകൾ സുലഭം. യഥാർഥ സർട്ടിഫിക്കറ്റുകൾക്കു സമാനമെന്നേ വെബ്സൈറ്റുകൾ പറയുന്നുള്ളൂ എങ്കിലും ഒറ്റനോട്ടത്തിൽ ഇവ തിരിച്ചറിയാനാകില്ല. കേരള സർവകലാശാലയുടെയും കുസാറ്റിന്റെയും സർട്ടിഫിക്കറ്റുകൾ ഇത്തരത്തിൽ ചില വെബ്സൈറ്റുകളിലുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകൾ തയാറാക്കാനായി പ്രത്യേക സോഫ്റ്റ്‌വെയറുകളും ഗ്രാഫിക്സ് ഡിസൈനർമാരും ഇവർക്കുണ്ട്. 10,000 രൂപ മുതലാണു സർട്ടിഫിക്കറ്റുകളുടെ നിരക്ക്. ടോൾ ഫ്രീ നമ്പറും ‘കസ്റ്റമർ കെയർ’ സേവനവും വരെ ചില വെബ്സൈറ്റുകളിലുണ്ട്.
മിക്ക വെബ്സൈറ്റുകളും വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചായതിനാൽ നിയമ നടപടികൾ എളുപ്പമല്ല. മാതൃക അയച്ചുകൊടുത്താൽ ഏതു സർവകലാശാലയുടെ സർട്ടിഫിക്കറ്റ് വേണമെങ്കിലും വൈസ് ചാൻസലറുടെ ഒപ്പോടു കൂടിയും അല്ലാതെയും പ്രിന്റ് ചെയ്ത് അയച്ചുതരും. വ്യാജ ഹോളോഗ്രാം വരെ ചിലതിലുണ്ട്. അതേസമയം, എയ്റോനോട്ടിക്സ്, മാരിടൈം, മെഡിക്കൽ കോഴ്സുകളുടെ സർട്ടിഫിക്കറ്റുകൾ ലഭ്യമല്ലെന്നാണ് ഒരു വെബ്സൈറ്റിൽ പറയുന്നത്.
കഴിഞ്ഞ 3 വർഷത്തിനിടയിൽ 3 വ്യാജ സർട്ടിഫിക്കറ്റുകളാണ് കുസാറ്റ് കണ്ടെത്തിയത്. ഉദ്യോഗാർഥികൾ നൽകിയ സർട്ടിഫിക്കറ്റുകൾ കമ്പനികളാണു സർവകലാശാലയിലേക്കു പരിശോധനയ്ക്കായി അയച്ചത്. ഇതു സംബന്ധിച്ചു സർവകലാശാല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എംജി സർവകലാശാലയിൽ പ്രതിമാസം ശരാശരി 120 അപേക്ഷകൾ മാത്രമേ സർട്ടിഫിക്കറ്റുകളുടെ കൃത്യത പരിശോധനയ്ക്ക് എത്താറുള്ളു. വിദേശ കമ്പനികളും സർവകലാശാലകളും ആവശ്യപ്പെടുന്നതനുസരിച്ച് നോർക്കയിൽ നിന്നാണ് അന്വേഷണം കൂടുതൽ വരുന്നത്.
പ്രവൃത്തി പരിചയത്തിനും ആവശ്യക്കാരേറെ
വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിനു നഴ്സിങ് മേഖലയിലുൾപ്പെടെ ആവശ്യക്കാർ ഏറെയാണ്. അധിക യോഗ്യതയായി കാണിക്കാനാകുന്ന ചില ഹ്രസ്വകാല കോഴ്സുകളുടെ സർട്ടിഫിക്കറ്റുകളും ഇത്തരത്തിൽ വ്യാജമായി തയാറാക്കുന്നവരുണ്ട്. വിദേശത്തേക്ക് റിക്രൂട്ട് ചെയ്യുന്ന ചില ഏജൻസികൾ കേന്ദ്രീകരിച്ചാണ് പല വ്യാജന്മാരുടെയും പ്രവർത്തനം.