തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാർ വകുപ്പിന് കീഴിലെ സ്ഥാപനത്തിൽ ജോലി നേടി എന്ന കേസിൽ സ്വപ്ന സുരേഷ് കോടതിയിൽ നേരിട്ട് ഹാജരായി.
കേസ് പരിഗണിക്കുന്ന ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് അവധി ആയതിനാൽ കേസ് ചാർജ് കോടതയിൽ വിളിക്കണം എന്ന് കാണിച്ച് സ്വപ്‌ന സുരേഷിന്‍റെ അഭിഭാഷകൻ മജിസ്‌ട്രേറ്റ് കോടതി നാലിൽ ഹരജി സമർപ്പിച്ചിരുന്നു. ഇത് അനുവദിച്ചതോടെയാണ് ബുധനാഴ്ച കോടതിയിൽ നേരിട്ട് ഹാജരായത്.
അടുത്ത മാസം 29ന് കോടതി കേസ് വീണ്ടും പരിഗണിക്കും. സ്പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് സ്വപ്‌ന ഹാജരായത്. 2009-11 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കി എന്നാണ് രേഖ. 2017ലാണ് സ്വപ്നക്ക് ദേവ് എജുക്കേഷൻ ട്രസ്റ്റ് മുഖേന സർട്ടിഫിക്കറ്റ് ലഭിച്ചത്.
സ്പേസ് പാർക്ക് സ്വപ്നക്ക് ലക്ഷം രൂപയാണ് ശമ്പളമായി നൽകിയിരുന്നത്. മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം. ശിവശങ്കറാണ് സ്പേസ് പാർക്കിൽ സ്വപ്നക്ക് ജോലി നൽകിയിരുന്നത് എന്നാണ് ആരോപണം. കേസിൽ സ്വപ്ന സുരേഷ് ഒന്നാം പ്രതിയാണ്. രണ്ടാം പ്രതിയും പഞ്ചാബ് സ്വദേശിയുമായ സച്ചിൻ ദാസ് കോടതിയിൽ എത്തിയില്ല. കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി നേരത്തെ അംഗീകരിച്ചിരുന്നു