തിരുവനന്തപുരം: വ്യാജ ബിരുദം സംബന്ധിച്ച കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു. കേസ് അന്വേഷണം നടത്തിയ കൺടോൺമെന്റ് പൊലീസ് സർക്കിൾ ഇൻസ്പെക്ടറാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മൂന്നിൽ കുറ്റപത്രം സമർപ്പിച്ചത്.
സ്വപ്ന സുരേഷും വ്യാജ രേഖയുണ്ടാക്കിയ സച്ചിൻ ദാസും മാത്രമാണ് പ്രതികൾ. സ്വപ്നക്ക് ജോലി കൊടുത്തതിന്റെ പേരിൽ നേരത്തെ സർക്കാർ സസ്പെൻഡ് ചെയ്ത എം ശിവശങ്കറിനെ പൂർണ്ണമായും വെള്ളപൂശിയാണ് കുറ്റപത്രം. എം ശിവശങ്കറിനെ സാക്ഷി പട്ടികയിൽ പോലും ഉൾപ്പെടുത്തിയിട്ടില്ല. എഫ്ഐആറിൽ ഉണ്ടായിരുന്ന പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ, വിഷൻ ടെക്നോളജി എന്നിവരെയും ഒഴിവാക്കി.
വ്യാജ നിയമനം ശിവശങ്കറിന്റെ അനുമതിയോടെയാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ശിവശങ്കറിനെയും കൺസൾട്ടൻസികളെയും രക്ഷപ്പെടുത്തിയാണ് കുറ്റപത്രം. മുംബൈ ആസ്ഥമായ ബാബ സാഹിബ് അംബേക്കർ സർവ്വകലാശാലയുടെ പേരിലാണ് സർട്ടിഫിക്കറ്റുണ്ടാക്കിയത്. ശിവശങ്കറിന്റെ അറിവോടെയാണ് നിയമനമെന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ പൊലീസ് പരിശോധിച്ചില്ല. വ്യാജ ബിരുദം നൽകിയാണ് ഐടി വകുപ്പിന് കീഴിലെ സ്പെയ്സ് പാർക്കൽ സ്വപ്ന നിയമനം നേടിയത്.