കല്പറ്റ: സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വര്‍ണവും പണവും തട്ടുന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്കി പണവും സ്വര്‍ണവും തട്ടിയെടുത്ത സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ താന്നിലോട് സ്വദേശി കിഴക്കേ വീട്ടില്‍ സുരേഷ് (45) ആണ് പിടിയിലായത്. ഇയാളെ തിരുവനന്തപുരത്ത് ഒളിച്ചു താമസിക്കുന്നതിനിടെയാണ് കല്പറ്റ പോലീസ് പിടികൂടിയത്. അപ്പോളോ, അമൃത ആശുപത്രികളിലെ ഡോക്ടര്‍ ആണെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. വയനാട് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
സുരേഷ് കുമാര്‍, സുരേഷ് കിരണ്‍, കിരണ്‍ കുമാര്‍ എന്നിങ്ങനെ വിവിധ പേരുകളിലാണ് ഇയാള്‍ ആളുകളെ പരിചയപ്പെട്ടിരുന്നത്. ഇയാള്‍ക്കെതിരെ സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളിലായി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസുകളുണ്ട്. കല്പറ്റ എ.എസ്.പി തപോഷ് ബസുമധാരിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. പീഡനക്കേസില്‍ ബത്തേരി പോലീസ് സ്റ്റേഷന് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയും തിരുവല്ല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചന കേസിലെ പിടികിട്ടാപ്പുള്ളിയുമാണ്.