പത്തനംതിട്ട ∙ സർക്കാർ ജീവനക്കാരി ചമഞ്ഞും വ്യാജരേഖകൾ ചമച്ചും ഹൈക്കോടതിയിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഇടയപാടത്ത് കൃഷ്ണൻകുട്ടിയുടെ മകൾ സുരഭി കൃഷ്ണയാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. ഇവർക്കെതിരെ അരുവിക്കര ചെറിയകോന്നി പറക്കോണം പ്രിൻസ് വിലാസത്തിൽ പ്രസാദ് മോസസ് (29) ആണ് പരാതി നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഹൈക്കോടതിയിൽ സ്റ്റെനോഗ്രാഫറാണെന്ന വ്യാജേന പ്രസാദിനെ ഫോണിൽ വിളിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഹൈക്കോടതിയിൽ ഓഫിസ് അസിസ്റ്റന്റ് ആയി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി പ്രസാദിൽനിന്ന് ആദ്യം 9000 രൂപയും പിന്നീട് 3,45,250 രൂപയും അക്കൗണ്ടിലേക്ക് അയപ്പിച്ചു. പിന്നീട് ഒരു ലക്ഷം രൂപ നേരിട്ടും കൈപ്പറ്റി. അതിനുശേഷം സഹോദരന്മാർക്കും സുഹൃത്തിനും ഡ്രൈവറുടെ ഒഴിവിലേക്കു ജോലി തരപ്പെടുത്തി നൽകാമെന്ന് വാക്കുനൽകി 1,50,000 രൂപ വീണ്ടും കൈപ്പറ്റി. ആകെ ആറു ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തത്.
ഈ കേസിൽ അറസ്റ്റിലായ യുവതി, പിന്നീട് ജാമ്യമെടുത്തശേഷം മുങ്ങുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയെ കോഴിക്കോട്ടെ വാടകവീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ജോലി ആവശ്യപ്പെട്ട യുവാവിന് അക്കൗണ്ടിൽ പണമില്ലാത്ത 6 ലക്ഷം രൂപയുടെ ചെക്ക് നൽകിയും, ജോലിയിൽ നിയമിച്ചതായുള്ള വ്യാജ നിയമന ഉത്തരവുകൾ ഒറിജിനൽ എന്ന് തോന്നിപ്പിക്കും വിധം വാട്സാപ്പ് വഴി അയച്ചുകൊടുത്തും വഞ്ചിച്ചതായാണ് കേസ്. ജോലി നൽകുകയോ, പണം തിരികെ നൽകുകയോ ചെയ്യാതെ മുങ്ങിയ പ്രതിയെ കോയിപ്രം പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്ഐ അനൂപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷെബി എംഎ, സുജിത്, അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.