കണ്ണൂർ: വ്യാജവാർത്ത പ്രസിദ്ധീകരിക്കുന്ന ദൃശ്യ മാധ്യമങ്ങൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ഏഷ്യാനെറ്റ്, മനോരമ എന്നിവയുടെ പേരെടുത്ത് പറഞ്ഞാണ് ജയരാജന്റെ മുന്നറിയിപ്പ്. ചില മാധ്യമങ്ങൾ സി.പി.എം വിരോധവും ഇടതുപക്ഷ വിരോധവും നിറഞ്ഞ് അതിര് കടക്കുകയാണെന്നും വ്യക്തിഹത്യയിലേക്ക് ഉൾപ്പടെ ആ വിരോധം എത്തിയിരിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.
‘വ്യക്തിഹത്യ നടത്തുന്ന രീതിയിൽ എനിക്കെതിരെ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ ഉൾപ്പടെയുള്ള ദൃശ്യ മാധ്യമങ്ങൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും. എന്ത് നുണകളും അന്തരീക്ഷത്തിൽ പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ട’ -ജയരാജൻ ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം:
അടിസ്ഥാന രഹിതമായ വാർത്തകൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ ശ്രദ്ധയിൽപെട്ടു. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ എനിക്കെതിരെ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ ഉൾപ്പടെയുള്ള ദൃശ്യ മാധ്യമങ്ങൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും. എന്ത് നുണകളും അന്തരീക്ഷത്തിൽ പറത്തിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ചില മാധ്യമങ്ങൾ സിപിഐഎം വിരോധവും ഇടതുപക്ഷ വിരോധവും നിറഞ്ഞ് അതിര് കടക്കുകയാണ്. വ്യക്തിഹത്യയിലേക്ക് ഉൾപ്പടെ ആ വിരോധം എത്തിയിരിക്കുന്നു. അത് ഒരിക്കലും അംഗീകരിച്ച് തരാനാകില്ല.
ഇ.പി ജയരാജൻ
എൽഡിഎഫ് കൺവീനർ