കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും വ്യാജവാറ്റ് പിടികൂടി. താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി കോഴിക്കോട് ചമൽ കേളൻ മൂല മലയിൽ നടത്തിയ വ്യാപകമായ റെയ്ഡിൽ കന്നാസുകളിൽ സൂക്ഷിച്ചുവെച്ച 110 ലിറ്റർ ചാരായവും 3 ബാരലുകളിലായി സൂക്ഷിച്ചുവെച്ച 300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി നശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ചമൽ കേളൻ മൂലയില്‍ രണ്ട് ദിവസം മുമ്പും വ്യാജവാറ്റ് പിടികൂടിയരുന്നു.
ഐബി പ്രിവന്‍റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ പ്രിവന്‍റീവ് ഓഫീസർമാരായ റഫീഖ്, സഹദേവൻ, ചന്ദ്രൻ കുഴിച്ചാലിൽ, സി.ഇ.ഒമാരായ ബിനീഷ് കുമാർ, റസൂൺ കുമാർ, പ്രബിത്ത് ലാൽ , ഡ്രൈവർ രാജൻ എന്നിവരുണ്ടായിരുന്നു. ആരാണ് വാറ്റ് കേന്ദ്രം നടത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. പ്രതികളെ കണ്ടെത്താനായി എക്സൈസ് അന്വേഷണം ഊർജ്ജിതമാക്കി.
രണ്ട് ദിവസം മുമ്പും കോഴിക്കോട് വ്യാജവാറ്റ് പിടികൂടിയരുന്നു. താമരശ്ശേരി റേഞ്ചില്‍ നടത്തിയ പരിശോധനയില്‍ രണ്ട് വ്യാജവാറ്റ് കേന്ദ്രങ്ങളാണ് എക്സൈസ് തകര്‍ത്തത്. എക്സൈസ് സർക്കിൾ പാർട്ടി കോഴിക്കോട് തലയാട്, ചമൽ കേളൻ മൂല എന്നിവിടങ്ങളിൽ നടത്തിയ വ്യാപകമായ റെയ്ഡിലാണ് രണ്ടു വ്യാജവാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തിയത്. വ്യാജ വാറ്റു കേന്ദ്രങ്ങളില്‍ ബാരലുകളിൽ സൂക്ഷിച്ചുവെച്ച 940 ലിറ്റർ വാഷും രണ്ടു സെറ്റ് വാറ്റുപകരണങ്ങളും, ഗ്യാസ് കുറ്റിയും ഗ്യാസ് അടുപ്പും എക്സൈസ് പിടികൂടി. 940 വാഷ് എക്സൈസ് സംഘം ഒഴുക്കി നശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.