ദില്ലി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്ട്‌സാപ് അക്കൗണ്ട് ഉണ്ടാക്കി ആളുകളെ കബളിപ്പിച്ചതിന് ഇറ്റലിയിൽ താമസക്കാരനായ ജമ്മു സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് സഹായം തേടാനും ഇയാൾ ഈ വ്യാജ വാട്സാപ് ഉപയോഗിച്ചിരുന്നു.
22കാരനായ ഗഗൻദീപ് സിംഗ് ആണ് അറസ്റ്റിലായത്. ഇയാൾ കുടുംബത്തോടൊപ്പം 2007 മുതൽ ഇറ്റലിയിലെ ഒഫനെൻഗോയിലാണ് താമസം. ഇന്ത്യയിൽ ഒമ്പതാം ക്ലാസ് വരെ പഠിച്ച ഗഗൻദീപ് ഇറ്റലിയിൽ നിന്ന് 12-ാം ക്ലാസ് പാസായി, അവിടെ ഒരു കമ്പനിയിൽ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. നിരവധി യൂ ട്യൂബ് വീജിയോകൾ കണ്ടതിൽ നിന്നാണ് ആൾമാറാട്ടത്തിനുള്ള ആശയം ഇയാൾക്ക് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗഗൻദീപിനെ സഹായിച്ചതിന് 29കാരനായ അശ്വനി കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ വാട്സാപ് അക്കൗണ്ട് ഉണ്ടാക്കാൻ ഒടിപിയും മറ്റും ലഭിക്കാൻ സഹായിച്ചത് അശ്വനി കുമാർ ആണ്.
ഉപരാഷ്ട്രപതിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്ട്‌സാപ് അക്കൗണ്ട് ഉണ്ടാക്കുന്നതിന് മുമ്പ് ഗഗൻദീപ് നിരവധി യൂട്യൂബ് വീഡിയോകൾ കണ്ടു. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ ഇന്റർനെറ്റിൽ നിന്ന് ശേഖരിച്ചെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രശാന്ത് ഗൗതം പറഞ്ഞു. ഇതിന് ശേഷം, ഒരു ഇന്ത്യൻ മൊബൈൽ നമ്പറിൽ വാട്സാപ് അക്കൗണ്ട് ഉണ്ടാക്കാൻ അയാൾ തന്റെ സുഹൃത്ത് വഴി ഒടിപി നേടി. വാട്ട്‌സാപ് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ ചിത്രം പ്രൊഫൈൽ ചിത്രമാക്കി. ഈ അക്കൗണ്ട് ഉപയോഗിച്ച് സഹായങ്ങൾ തേടി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ അയച്ചെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പറഞ്ഞു. തട്ടിപ്പിനെക്കുറിച്ച് ആരോ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് കേസെടുത്തതും സംഭവം പുറത്തറിയുന്നതും. തുടർന്ന് ആൾമാറാട്ടം നടത്തുന്ന വാട്ട്‌സാപ് പ്രൊഫൈലിന്റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. സന്ദേശങ്ങൾ അയച്ചയാളുടെ ഐപി വിലാസം ഇറ്റലിയിലാണെന്ന് കണ്ടെത്തി. സാങ്കേതിക വിവരങ്ങൾ ശേഖരിച്ചു, റെയ്ഡ് നടത്തി. തുടർന്ന് അശ്വനി കുമാർ എന്ന വ്യക്തിയ്ക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇയാളിലൂടെ പ്രധാന പ്രതിയിലേക്ക് എത്തി. പൊലീസ് പറഞ്ഞു. സംഭവത്തിൽ അഞ്ച് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.