കോഴിക്കോട്: വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ പേരിൽ വ്യാജ പ്രചാരണം നടത്തിയതിൽ പോലീസ് കേസെടുത്തു. യു.ഡി.എഫ് കൊയിലാണ്ടി മണ്ഡലം ചെയർമാൻ അബ്ദുറഹ്മാൻ നൽകിയ പരാതിയിൽ കൊയിലാണ്ടി പോലീസാണ് കേസെടുത്തത്. മതസ്പർദ്ധ വളർത്തുക, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജക്കെതിരായ സൈബറാക്രമണത്തിൽ ഷാഫി പറമ്പിലിനെ സാദിഖലി തങ്ങൾ തള്ളിപ്പറയുന്ന രീതിയിലാണ് പോസ്റ്റർ തയ്യാറാക്കിയത്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം പോസ്റ്റർ തയ്യാറാക്കിയത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല.