കൊച്ചി : വധശ്രമ കേസിലെ അറസ്റ്റ് തടയാൻ അഭിഭാഷകനും പ്രതിയും ഹൈക്കോടതിയുടെ പേരിൽ വ്യാജ ഉത്തരവുണ്ടാക്കി. അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവുണ്ടാക്കിയാണ് പോലീസുകാരെ കബളിപ്പിച്ചത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഡിജിപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി നടപടി തുടങ്ങി. ഭാര്യയെ ചിരവ കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇക്കഴിഞ്ഞ 21 നാണ് പ്രതിയായ തൈക്കാട് സ്വദേശി പ്രശാന്ത് കുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയത്. കേസിൽ ജസ്റ്റിസ് പി ഗോപിനാഥ് സർക്കാർ വിശദീകരണം കേൾക്കാൻ മാറ്റുകയും ചെയ്തു. എന്നാൽ കരമന പോലീസ് പ്രതിയെ ഈ മാസം 12 ന് കസ്റ്റഡിയിലെടുത്തു. തൊട്ട് പിറകെയാണ് അഡ്വ ഷാനു എന്ന് പരിചയപ്പെടുത്തിയ ആൾ സ്റ്റേഷനിലെത്തി പ്രതിയുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ആണെന്നും അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവുണ്ടെന്നും അറിയിച്ചത്.
സ്റ്റേഷൻ ഇൻസ്പെട്കർക്ക് ഇത് സംബന്ധിച്ച ഹൈക്കോടതി രേഖ കൈമാറുകയും ചെയ്തു. കേസുകളുടെ സ്ഥിതി വിവര പട്ടികയിൽ കൃതിമം നടത്തിയാണ് ഇത്തരം ഒരു ഉത്തരവുണ്ടാക്കിയത്. എന്നാൽ ഇക്കാര്യം മനസിലാകാതിരുന്നതോടെ പ്രതിയെ പോലീസ് അഭിഭാഷകനൊപ്പം വിട്ടയച്ചു. പിന്നീട് എസ്,എച്ച് ഒയ്ക്ക് തോന്നിയ സംശയമാണ് വലിയ തട്ടിപ്പ് പുറത്താക്കിയത്. പ്രതിയുടെ അറസ്റ്റ് തടഞ്ഞ് യാതൊരു ഉത്തരവും കേസ് വിവര പട്ടികയിൽ ഉണ്ടായിരുന്നില്ല. തട്ടിപ്പാണെന്ന് ബോധ്യമായതോടെയാണ് ഡിജിപി ഓഫീസിൽ വിവരം കൈമാറിയത്. ഇടക്കാല ഉത്തരവൊന്നും ഇല്ലെന്ന് വ്യക്തമായതിന് പിറകെ പ്രതിയെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. ഈ സംഭവത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ഓഫീസ് ഹൈക്കോടതി റജിസ്ട്രാക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ മുൻകൂർ ജാമ്യ ഹർജി നാളെ പരിഗണിക്കാൻ ജസ്റ്റിസ് പി ഗോപിനാഥ് തീരുമാനിച്ചിട്ടുണ്ട്.