മുംബൈ: ഗസൽ ഗായകനും പത്മശ്രീ പുരസ്‌കാര ജേതാവുമായ പങ്കജ് ഉധാസ് (72) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബമാണ് ഇക്കാര്യം അറിയിച്ചത്. ദീർഘകാലമായി അസുഖബാധിതനായിരുന്നു. 1951 മെയ് 17-ന് ഗുജറാത്തിലെ ജെറ്റ്പൂരിൽ ജനിച്ച ഉധാസിൻ്റെ സംഗീത യാത്ര ചെറുപ്പത്തിൽ തന്നെ ആരംഭിച്ചു. അദ്ദേഹത്തിൻ്റെ ജ്യേഷ്ഠൻ മൻഹർ ഉധാസ് ബോളിവുഡിലെ പിന്നണി ഗായകനായിരുന്നു. 1980-ൽ അദ്ദേഹം തൻ്റെ ആദ്യ ഗസൽ ആൽബമായ “ആഹത്” പുറത്തിറക്കി. പിന്നീടങ്ങോട്ട് കരിയറിൽ വലിയ ഉയർച്ചയാണ് പങ്കജിനുണ്ടായത്. ഗസലുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം ഒരു മുൻനിരക്കാരനായി മാറി.
“നാം” (1986) എന്ന ചിത്രത്തിലെ ‘ചിത്തി ആയ് ഹേ’, ‘ആ ഗലേ ലഗ് ജാ’ തുടങ്ങിയ ഗാനങ്ങൾ അദ്ദേഹത്തെ ഇന്ത്യയിലെ പ്രമുഖ ഗസൽ ഗായകരിൽ ഒരാളെന്ന നിലയിൽ അരക്കിട്ടുറപ്പിച്ചു. മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെയർ അവാർഡ്, ഗസൽ ആലാപനത്തിനുള്ള സംഗീത നാടക അക്കാദമി അവാർഡ്, ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ എന്നിവയുൾപ്പെടെ നിരവധി അഭിമാനകരമായ നേട്ടങ്ങൾ അദ്ദേഹത്തെത്തേടിയെത്തി. പങ്കജ് ഉധാസിൻ്റെ ശബ്ദം ഗസൽ ആസ്വാദകരുടെ ഹൃദയത്തിൽ എക്കാലവും നിലനിൽക്കുമെന്നുറപ്പ്.