കൽപ്പറ്റ: വയനാട് വെള്ളാർമലയിൽ 20 വർഷമായി ഭൂനികുതി സ്വീകരിക്കാത്തതിനാൽ 382 കുടുംബങ്ങൾ ദുരിതത്തിൽ. പതിറ്റാണ്ടുകളായി പ്രദേശവാസികൾ കൈവശം വച്ചുവരുന്ന ഭൂമി നിക്ഷിപ്ത വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നികുതി സ്വീകരിക്കാത്തത്. നികുതി സ്വീകരിക്കാത്തതിനാൽ വെള്ളാർമല വില്ലേജിലെ 382 കുടുംബങ്ങളാണ് വർഷങ്ങളായി ഓഫീസുകൾ കയറി ഇറങ്ങുന്നത്.
പതിറ്റാണ്ടുകളായി ഇവരുടെ പക്കലുള്ള ഭൂമിക്ക് 2002 വരെ നികുതി സ്വീകരിച്ചിരുന്നു. എന്നാൽ വനഭൂമിയാണെന്ന സാങ്കേതിക നൂലാമാല നിരത്തി പിന്നീട് നികുതി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു. രേഖകളില്ലാത്തതിനാൽ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങളൊന്നും ഇവർക്ക് ലഭ്യമല്ല. സ്ഥലം ഈടായി നൽകി ബാങ്കിൽ നിന്ന് വായ്പയെടുക്കാനും കഴിയില്ല. നാട്ടുകാർ നടത്തിയ പ്രതിഷേധങ്ങളെ തുടർന്ന് വനം, റവന്യു വകുപ്പുകൾ ചേർന്ന് നടത്തുന്ന സംയുക്ത സർവേ അന്തിമഘട്ടത്തിലാണ്. വനഭൂമിയല്ലെന്ന റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ഭൂനികുതി സ്വീകരിക്കാനാകൂ എന്ന് വെള്ളാർമല വില്ലേജ് ഓഫീസർ വ്യക്തമാക്കി.