ഇടുക്കി : മറയൂരിലെ രണ്ട് ആദിവാസി കുടികളിൽ ആരെങ്കിലും മരിച്ചാൽ സംസ്ക്കരിക്കണമെങ്കിൽ മൃതദേഹവുമായി പാമ്പാർ പുഴ നീന്തി കടക്കണമെന്ന സ്ഥിതിയാണ്. ശ്മശാനത്തിലേക്കുണ്ടായിരുന്ന വഴി സമീപത്തെ ഭൂവുടമകൾ കയ്യേറിയതാണ് ഈ ദുരിതത്തിന് കാരണം. മറയൂർ നാച്ചിവയിലെ പട്ടികവർഗ്ഗക്കാരനായ കാളിനാഗന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ഇങ്ങനെ നദിയിലൂടെ ചുമന്നു കൊണ്ടു പോകേണ്ടിവന്നത്. ഈ ഗോത്ര കോളനികളുടെ ശ്മശാനം പാമ്പാറിന്റെ തീരത്താണ്. ആറ്റിന്റെ പുറമ്പോക്കിലൂടെ ശ്മശാനത്തിലേക്ക് അഞ്ചടി വീതിയിൽ വഴിയുണ്ടായിരുന്നു. സമീപത്ത് സ്ഥലമുള്ളവർ ഈ വഴി കയ്യേറി കൃഷിയിടമാക്കി. വേലിയും കെട്ടി. ഇതോടെ ആകെയുണ്ടായിരുന്ന നടപ്പാതയും ഇല്ലാതായതോടെയാണ് മൃതദേഹവുമായി പുഴ നീന്തിക്കടക്കേണ്ട അവസ്ഥയിലെത്തിയത്.
വേനൽക്കാലമായതിനാൽ നദിയിലിപ്പോൾ ജലനിരപ്പ് കുറവാണ്. എന്നാൽ മഴക്കാലത്ത് ജീവന് പണയം വെച്ചാണ് മൃതദേഹവും ചുമന്ന് പുഴ കടന്ന് എത്തുന്നത്. മറ്റൊരു കുടിയായ ചെറുവാട് കുടി പാമ്പാറിന്റെ മറുകരയിലാണ്. ഇവിടെ നിന്നും പുഴ കടക്കാൻ പാലമില്ലാത്തതിനാൽ മൃതദേഹം ചുമന്ന് അക്കരെയെത്തിക്കണം. പാമ്പാറിന് കുറുകെ പാലം നിർമ്മിക്കുകയും കയ്യേറ്റം ഒഴിപ്പിച്ച് ശ്മശാനത്തിലേക്കുള്ള വഴി പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസികൾ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയൊന്നുമാകുന്നില്ല.