കൊല്ലം: ശാസ്താംകോട്ടയിൽ തെരുവ് നായയുടെ കടിയേറ്റ പൊലീസ് ഉദ്യോഗസ്ഥൻ്റെ കുടുംബം ചികിത്സയിൽ. പത്തനംതിട്ട കോയിപ്രം സ്റ്റേഷനിലെ ഇൻസ്പെക്ടർ സജീഷ് കുമാറിനും കുടുംബത്തിനും നേരെയായിരുന്നു തെരുവ് നായയുടെ ആക്രമണം. കാലിൽ ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് കുടുംബം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
തിരുവോണ ദിവസം കൊല്ലം ശാസ്താംകോട്ട കായൽ കാണാനെത്തിയതായിരുന്നു സജീഷ് കുമാറും കുടുംബവും. തടാകത്തിൻ്റെ കരയിൽ നിൽക്കുമ്പോൾ ആദ്യം ഇൻസ്പെക്ടറുടെ ഭാര്യ രാഖിയെയാണ് തെരുവ് നായ ആക്രമിച്ചത്. കാലിൽ കടിയേറ്റ ഭാഗം കഴുകുന്നതിനിടെ നായ വീണ്ടുമെത്തി ആറുവയസുകാരനായ മകൻ ആര്യനേയും കടിച്ചു. നായയെ തള്ളി മാറ്റുന്നതിനിടെ ഇൻസ്പെക്ടർ സജീഷ്കുമാറിനും മുറിവേറ്റു. ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സ തേടി. രാഖിയുടേയും ആര്യൻ്റേയും കാലിൽ ആഴത്തിലുള്ള മുറിവാണുള്ളത്. ശാസ്താംകോട്ട കായൽ കാണാൻ നിരവധി പേരാണ് ദിവസവുമെത്തുന്നത്. ഇതിനു മുൻപും ഇവിടെ വച്ച് പലര്‍ക്കും തെരുവു നായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു