തൊടുപുഴ: സാധാരണക്കാരുടെ കുടുംബ ബജറ്റ് അടിമുടി തകർത്ത് വിലക്കയറ്റം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളിൽനിന്ന് കരകയറാൻ ശ്രമിക്കുന്നവർക്ക് കനത്ത തിരിച്ചടി നൽകി അവശ്യവസ്തുക്കളുടെ വില കുതിക്കുകയാണ്.
പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ പ്രഖ്യാപിക്കുന്ന ഇടപെടലുകളൊന്നും ഫലംചെയ്യുന്നില്ല. പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ, നിർമാണ സാമഗ്രികൾ, ഇന്ധനം എന്നിവക്കെല്ലാം ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ 20 മുതൽ 50 ശതമാനം വരെയാണ് വില വർധിച്ചത്. തൊഴിലിലും വരുമാനത്തിലും കോവിഡ് വരുത്തിയ ഇടിവിെൻറ പ്രത്യാഘാതങ്ങൾ തുടരുന്നതിനിടെ നിത്യോപയോഗ സാധനങ്ങളുടെ വില അടിക്കടി ഉയരുന്നത് ജില്ലയിലെ കർഷകരും തോട്ടം തൊഴിലാളികളും ആദിവാസി പിന്നാക്ക വിഭാഗങ്ങളുമടക്കമുള്ള ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. എത്ര വരുമാനം കിട്ടിയാലും ജീവിതത്തിെൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത ഗുരുതര പ്രതിസന്ധിയാണ് ഇവർ അഭിമുഖീകരിക്കുന്നത്.
കൃഷികൊണ്ട് ജീവിക്കാനാവില്ല
ജില്ലയിലെ നല്ലൊരു വിഭാഗം ജനങ്ങളുടെ ഉപജീവനമാർഗമാണ് കൃഷി. എന്നാൽ, കൃഷികൊണ്ടും ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. വിളവില്ലാത്തതും വിലയില്ലാത്തതും പല കൃഷികളും ആദായകരമല്ലാതാക്കിമാറ്റി. ഇതിനിടെ അവശ്യവസ്തുക്കളുടെ വിലക്കയറ്റം കൂടിയാകുമ്പോൾ കർഷകരുടെ ജീവിതം ദുരിതപൂർണമാകുന്നു. റബർ, കുരുമുളക്, ഏലം, ജാതി, കൊക്കോ തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന കൃഷികൾ. എന്നാൽ, ഉൽപാദനച്ചെലവിന് ആനുപാതികമായ വരുമാനം ഈ കൃഷികളിൽനിന്ന് ലഭിക്കുന്നില്ല. രോഗങ്ങളും കാലാവസ്ഥ വ്യതിയാനവും തിരിച്ചടിയായതോടെ ഉൽപാദനം ഗണ്യമായി കുറഞ്ഞു. ഇതോടെ, പല കൃഷികളിൽനിന്ന് ആളുകൾ പിന്മാറുകയാണ്. വളം, കീടനാശിനികളുടെ വിലയിലും തൊഴിലാളികളുടെ കൂലിയിലുമുണ്ടായ വർധന കൃഷി ചെലവേറിയതാക്കി. എന്നാൽ, കർഷകന് ന്യായവില ലഭിക്കുന്നുമില്ല.
ചിക്കന് ചില്ലറ പോര
കഴിഞ്ഞമാസം ആദ്യം ചിക്കൻവില 98. ഇപ്പോൾ 125മുതൽ 132രൂപ വരെ.
ഫാമുകളിൽ 110 രൂപവരെ നൽകണമെന്ന് കച്ചവടക്കാർ.
ദീപാവലി സീസണായതോടെ തമിഴ്നാട്ടിൽനിന്ന് കോഴിവരവ് കുറഞ്ഞത് വില കൂടാൻ കാരണമായി.
പച്ചക്കറിയും പൊള്ളും
പച്ചക്കറിയിലും പ്രധാന ഇനങ്ങൾക്ക് തൊട്ടാൽ പൊള്ളുന്ന വിലയാണ്. ഒരുമാസം മുമ്പ് കിലോക്ക് 20 രൂപയായിരുന്ന കാബേജിന് 35-38 രൂപയിലെത്തി. 35-40 രൂപക്ക് കിട്ടിയിരുന്ന തക്കാളിക്ക് ഇപ്പോൾ 60 നൽകണം. പാവക്കക്ക് 50ൽനിന്ന് 60ഉം ബീൻസിന് 40ൽനിന്ന് 60-70 രൂപയും ബീറ്റ്റൂട്ടിന് 50ന് മുകളിലും മുരിങ്ങക്ക 40ൽനിന്ന് 100-120 രൂപ വരെയുമെത്തി. ഏത്തക്കായ 50-55 രൂപ, പച്ചമുളക് 60, പടവലങ്ങ 35, വെണ്ടക്ക 40 എന്നിങ്ങനെയാണ് മറ്റ് പ്രധാന ഇനങ്ങളുടെ വില. എന്നാൽ, കാരറ്റ്, പച്ചപ്പയർ എന്നിവയുടെ വില കുറഞ്ഞിട്ടുണ്ട്.
വീടുപണിക്ക് ചെലവേറി
നിർമാണ സാമഗ്രികൾക്കും വില ഉയരുന്നു. സിമന്റ് 50 കിലോയുടെ ചാക്കിന് 30ൽനിന്ന് 460-470 രൂപയായി.
കിലോക്ക് 60 രൂപയിൽ താഴെയായിരുന്ന കമ്പിക്ക് 75 രൂപയിലെത്തി.
20 എം.എം മെറ്റൽ വില അടിക്ക് 30-35 ൽനിന്ന് 45-50 ആയി.
പാറമണൽ അടിക്ക് 50 രൂപയും സിമന്റ് ഇഷ്ടിക ഒന്നിന് 32 രൂപയുമാണ് വില
എങ്ങനെ കഞ്ഞികുടിക്കും?
പലവ്യഞ്ജന വിപണിയിൽ ഉപ്പ് മുതൽ ഉള്ളിവരെയുള്ള എല്ലാ ഉൽപന്നങ്ങൾക്കും ഏതാനും ആഴ്ചകൾക്കിടെ വൻ വിലവർധനയാണ് ഉണ്ടായത്. കുത്തരിയാണ് വിലക്കയറ്റത്തിൽ മുന്നിൽ. രണ്ടുമാസം മുമ്പ് വരെ കിലോക്ക് 40-45 രൂപയായിരുന്ന കുത്തരിക്ക് ഗുണവും ബ്രാൻഡും അനുസരിച്ച് 55 മുതൽ 62 രൂപ വരെയായി. കർണാടകയിൽനിന്ന് വരവ് കുറഞ്ഞതാണ് വിലകൂടാൻ കാരണമായി മില്ലുടമകൾ പറയുന്നത്. ആന്ധ്രയിൽനിന്ന് വരവ് കുറഞ്ഞതോടെ 35-38 രൂപയായിരുന്ന ജയ അരിയുടെ വില 50ന് മുകളിലെത്തി. കഴിഞ്ഞവർഷം ഒരുകിലോ വറ്റൽ മുളക് ശരാശരി 80-120 രൂപക്ക് കിട്ടിയിരുന്നു. പരമാവധി വില150. ഇപ്പോൾ ചില്ലറവില 320 വരെയായി. 60 രൂപയുണ്ടായിരുന്ന വൻപയറിന് 90ന് മുകളിൽ നൽകണം. സവാളയുടെ മൊത്തവില 20-25ൽനിന്ന് 30ലെത്തി. ഉപ്പിന് 10 രൂപയിൽനിന്ന് 12-15 രൂപയായി. ചെറിയ ഉള്ളി 30-40 രൂപയായിരുന്നത് 80ന് മുകളിലെത്തി. മൈദ, ആട്ട, റവ എന്നിവക്കെല്ലാം കിലോക്ക് ശരാശരി അഞ്ചുരൂപ വീതം വർധിച്ചിട്ടുണ്ട്. ഗോതമ്പ് ഉൽപാദനം കുറഞ്ഞതാണ് വിലകൂടാൻ കാരണം. എ.പി.എൽ വിഭാഗത്തിന് റേഷൻകടകൾ വഴിയുള്ള ആട്ട വിതരണം നിർത്തുകയും ചെയ്തു.
പച്ചരി, വെളിച്ചെണ്ണ, പാമോയിൽ, വെളുത്തുള്ളി എന്നിവയെ വിലക്കയറ്റം കാര്യമായി ബാധിച്ചിട്ടില്ല. പാമോയിൽ വില 160വരെ എത്തിയത് ഇപ്പോൾ 110ലേക്ക് താഴ്ന്നിട്ടുമുണ്ട്. വിലക്കയറ്റം വ്യാപാരത്തെയും ബാധിച്ചു. മുമ്പത്തെ അപേക്ഷിച്ച് കച്ചവടം കുറഞ്ഞിട്ടുണ്ടെന്ന് തൊടുപുഴ നഗരത്തിലെ പലവ്യഞ്ജന വ്യാപാരി സുലൈമാൻ വെട്ടിക്കൽ പറഞ്ഞു.
പഴ വിപണിയിൽ ആപ്പിളിന് മൊത്തവില 60-85 രൂപയാണ്. മുന്തിരിവില 65ൽനിന്ന് 50 ആയി കുറഞ്ഞിട്ടുണ്ട്. എന്നാൽ, തണ്ണിമത്തന് 22ൽനിന്ന് 27 ആയി. സീസൺ തുടക്കത്തിൽ 45 രൂപ മുതലാണ് ഓറഞ്ച് വില.