പത്തനംതിട്ട: റാന്നിയിൽ അഞ്ചര വയസുകാരൻ മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് കുടുംബം. മാർത്തോമ ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിലെ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് വീട്ടുകാരുടെ ആരോപണം. പ്ലാങ്കമൺ എൽപി സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥി ആരോൺ വി വർഗീസ് ആണ് മരിച്ചത്.
റാന്നി പ്ലാങ്കമൺ സ്വദേശി വിജയന്റെ മകൻ അഞ്ചര വയസുകാരൻ ആരോൺ ആണ് ഇന്നലെ രാത്രിയോടെ മരിച്ചത്. സ്കൂളിൽ കളിക്കുന്നതിനിടെ വീണു പരിക്കേറ്റെന്ന് അധ്യാപകർ വീട്ടിൽ അറിയിച്ചു. വൈകിട്ട് നാല് മണിയോടെ കൈക്ക് വേദന കൂടിയതോടെ റാന്നി മാർത്തോമ്മ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കുഴ തെറ്റിയതാണെന്നും ശരിയാക്കണമെന്നും ഡോക്ടർമാർ അറിയിച്ചു. തുടർന്ന് അനസ്തേഷ്യ നൽകിയതോടെ കുഞ്ഞിന്റെ ആരോഗ്യനില വഷളായി.
ആശുപത്രി അധികൃതർ തന്നെ കുട്ടിയെ ആംബുലൻസിൽ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു. അതേസമയം, ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് റാന്നി മാർത്തോമാ ആശുപത്രിയുടെ വിശദീകരണം. അനസ്തീഷ്യ നൽകി ചികിത്സ തുടരുന്നതിനിടെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞ് കുഞ്ഞിന് ശാരീരിക അസ്വസ്ഥതയുണ്ടായി. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞ അയച്ചെന്നാണ് വിശദീകരണം. റാന്നി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി ഉണ്ടാകുമെന്നു പോലീസ് അറിയിച്ചു.