തിരുവനന്തപുരം∙ ഷാരോണ്‍ വധക്കേസ് തമിഴ്നാട് പൊലീസിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലെത്തി നിവേദനം നല്‍കി. കേസ് മാറ്റില്ലെന്ന ഉറപ്പ് ലഭിച്ചതായി ഷാരോണിന്റെ പിതാവ് ജയരാജ് പറഞ്ഞു. കേസ് കേരളത്തിലും തമിഴ്നാട്ടിലും അന്വേഷിക്കാമെന്നും തമിഴ്നാടിന് അന്വേഷണം കൈമാറണമെന്ന് നിര്‍ബന്ധമില്ലെന്നും പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി നാളെ ഹാജരാകണമെന്ന് നെയ്യാറ്റിന്‍കര കോടതി നിർദേശിച്ചു. പ്രതികളെ ഹാജരാക്കിയപ്പോള്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം. കഴിഞ്ഞ ദിവസം കേസിലെ പ്രധാന പ്രതിയായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും രാത്രി 11.30ന് നെയ്യാറ്റിൻകരയിൽ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയിരുന്നു.
ഈ സമയത്ത് മൂന്നു പൊലീസുകാർ മാത്രമാണ് പ്രതികൾക്കൊപ്പമുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നില്ല. ഇന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം നടന്നിരുന്നു. ഈ വാദത്തിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ നാളെ ഹാജരാകണമെന്ന് കോടതി നിർദേശിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധിയുണ്ടായേക്കും.