ജെയ്പൂർ: നൂഹിൽ വി.എച്ച്.പി ജലാഭിഷേക യാത്രക്ക് അനുമതി നൽകിയാൽ ട്രാക്ടർ റാലി നടത്തുമെന്ന മുന്നറിയിപ്പുമായി കർഷക നേതാവ് രാകേഷ് ടികായത്ത്. രാജസ്ഥാനിലെ ആൾവാർ ജില്ലയിൽ നടന്ന യുനൈറ്റഡ് കിസാൻ മോർച്ച മഹാപഞ്ചായത്തിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. വി.എച്ച്.പി യാത്ര നടന്നാൽ ലക്ഷക്കണക്കിനാളുകൾ ട്രാക്ടറുകളുമായി തെരുവിലിറങ്ങും. സെക്ഷൻ 144 മുസ്‍ലിംകൾക്ക് മാത്രമുള്ളതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേവാത്ത് എപ്പോഴും സമാധാന മേഖലയാണെന്നും ചില സാമൂഹിക വിരുദ്ധരാണ് അവിടെ മതസ്പർധയുണ്ടാക്കിയതെന്നും അതാണ് ജൂലൈ 31ലെ കലാപത്തിലേക്ക് നയിച്ചതെന്നും കർഷക നേതാക്കൾ ചൂണ്ടിക്കാട്ടി.
‘ഇന്ത്യയിൽ രണ്ടുതരം ഹിന്ദുക്കളുണ്ട്. ഒരുകൂട്ടർ നാഗ്പൂരുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. രണ്ടാമത്തെ വിഭാഗം അക്രമങ്ങളിലൊന്നും ഭാഗമാകാത്ത, ഇന്ത്യൻ ഹിന്ദുക്കളാണ്. ഇവിടെ ഇന്ത്യൻ മുസ്‍ലിംകളും ഇന്ത്യൻ സിക്കുകാരും ഉണ്ട്. അധികാരത്തിലിരിക്കുന്നവർ അന്തരീക്ഷം മോശമാക്കുകയാണ്. രാഷ്ട്രീയ പാർട്ടികളല്ല, കർഷകരും തൊഴിലാളികളും യുവത്വവുമാണ് രാജ്യത്തെ രക്ഷിക്കുക’, ടികായത്ത് പറഞ്ഞു.
അതിനിടെ മുസ്‍ലിംകൾ ഒഴുഞ്ഞുപോകണമെന്ന ആവശ്യവുമായി ഹരിയാനയിലെ ഗുരുഗ്രാമിൽ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഒഴിഞ്ഞുപോയില്ലെങ്കിൽ അനന്തരഫലം നേരിടേണ്ടി വരുമെന്നും നിങ്ങളുടെ മരണത്തിന് നിങ്ങൾ തന്നെയാകും ഉത്തരവാദികളെന്നും സെക്ടർ 69ലെ മുസ്‍ലിം ഭൂരിപക്ഷ കുടിയേറ്റ കോളനിയിൽ പതിച്ച പോസ്റ്ററുകളിൽ ഭീഷണിയുണ്ട്. വി.എച്ച്.പിയുടെയും ബജ്റങ് ദളിന്‍റെയും പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാത്രി മുതലാണ് പ്രദേശത്ത് പോസ്റ്ററുകൾ കണ്ടത്. നൂഹിൽ വി.എച്ച്.പിയുടെ ജലാഭിഷേക യാത്ര നിശ്ചയിച്ചതിന് പിന്നാലെയാണ് ഒഴിഞ്ഞുപോകാനുള്ള ഭീഷണിയുണ്ടായത്. അതേസമയം, പോസ്റ്ററുകളുമായി യാതൊരു ബന്ധവുമില്ലെന്ന് വി.എച്ച്.പി നേതൃത്വം പറയുന്നത്.
വിശ്വഹിന്ദു പരിഷത്ത് ഇന്ന് ഹരിയാനയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യാത്രക്ക് ഉപാധികളോടെ അനുമതി നൽകിയിരുന്നു. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ജലാഭിഷേക യാത്ര നടത്താൻ ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയവർക്ക് അനുമതി ലഭിച്ചത്. വിവിധ ഗ്രൂപ്പുകളായി പൊലീസ് സുരക്ഷയോടെ യാത്ര നടത്താനാണ് അനുമതി.