കോഴിക്കോട്: ഫാറൂഖ് കോളജ് അലുംനി അവാർഡ് ചലച്ചിത്ര സംവിധായകൻ ടി.വി.ചന്ദ്രന്. പ്രൊഫ. ടി അബ്ദുല്ല ട്രസ്റ്റ് നൽകുന്ന ഔട്ട്സ്റ്റാൻഡിംഗ് അലുംനി അവാർഡിനാണ് ടി.വി.ചന്ദ്രൻ അർഹനായത്. ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ജെ സി ഡാനിയൽ പുരസ്കാരത്തിന് പുറമെ ആറോളം ദേശീയ ചലച്ചിത്ര അവാർഡും നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 17 ാം തിയ്യതി വൈകീട്ട് മൂന്ന് മണിക്ക് ഫാറൂഖ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമത്തിൽ വെച്ച് കോഴിക്കോട് യൂനിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എം.കെ ജയരാജ് അവാർഡ് സമ്മാനിക്കും.
ഡോ.മൊയ്തു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. ആയിഷ സ്വപ്ന,ഡോ. എം.കെ മുനീർ എംഎൽഎ, അഡ്വ. പി.ടി.എ റഹീം എം എൽ എ , ടി കെ ഹംസ , ടി.വി. ബാലൻ, ഹമീദ് ചേന്നമംഗല്ലൂർ, എൻ കെ മുഹമ്മദലി, ഉമർ പാണ്ടികശാല, കെ കുഞ്ഞലവി തുടങ്ങിയവർ സംബന്ധിക്കും.
ഫാറൂഖ് കോളേജിലെ ഏറ്റവും മുതിർന്ന റിട്ടയേർഡ് അധ്യാപകൻ ഡോ. ജോർജ് ആൻഡ്രൂസടക്കം അമ്പതോളം പൂർവ്വ അധ്യാപകരേയും വിദ്യാർത്ഥികളേയും അനധ്യാപകരേയും ചടങ്ങിൻ്റെ ഭാഗമായി ആദരിക്കുന്നുണ്ട്.
പ്രൊഫ. അബ്ദുല്ല ട്രസ്റ്റിൻ്റെ പുതിയ ഭാരവാഹികളായി ഡോ.മൊയ്തു (ചെയർമാൻ) ജമാൽ ഫാറൂഖി (ജന:സെക്രട്ടറി) അബ്ദുസ്സലാം (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.