ന്യൂഡൽഹി: 70ാം ജന്മദിനമാഘോഷിക്കുന്ന എം.കെ സ്റ്റാലിനെ പുകഴ്ത്തി മുൻ ജമ്മുകശ്മീർ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ഫാറൂഖ് അബ്ദുല്ലയുടെ പ്രതികരണം. വളരെ മികച്ച തുടക്കമാണ് ഡി.എം.കെക്കും സ്റ്റാലിനും ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തിന്റെ ഐക്യത്തിനായി വലിയ സംഭാവനയാണ് സ്റ്റാലിൻ നൽകുന്നത്. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ ആശയം. അതിൽ നാനാത്വം സംരക്ഷിക്കുന്നതിൽ ഡി.എം.കെയും സ്റ്റാലിനും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. സ്റ്റാലിൻ പ്രധാനമന്ത്രിയാകുന്നതിന്റെ സാധ്യതകളെ കുറിച്ചുള്ള ചോദ്യത്തിന് എന്തുകൊണ്ട് അദ്ദേഹത്തിന് പ്രധാനമന്ത്രി ആയിക്കൂടായെന്നായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ മറുചോദ്യം. അതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷത്തെ ഒന്നിച്ച് കൊണ്ടു വരുന്നതിൽ സ്റ്റാലിൻ പങ്കുവഹിച്ചിട്ടുണ്ടെന്നും അത് തുടർന്നു കൊണ്ടു പോകാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വിവിധ കക്ഷികളുടെ നേതൃത്വത്തിൽ സ്റ്റാലിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു.