ശ്രീനഗർ: പാക് അധീന കശ്മീർ ഇന്ത്യയോട് കൂട്ടിച്ചേർക്കുമെന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനക്ക് മറുപടിയുമായി നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല. പാകിസ്താൻ വളകളണിയുന്നില്ലെന്നും അവരുടെ കൈവശവും അണുബോംബുകളുണ്ടെന്നുമായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ വിവാദ പ്രസ്താവന.
”പ്രതിരോധമന്ത്രി അങ്ങനെയാണ് പറയുന്നതെങ്കില്‍ അങ്ങനെതന്നെ നടക്കട്ടെ, അത് തടയാന്‍ ഞങ്ങളാരാണ്? എന്നാൽ പാകിസ്താനും വളയണിയുന്നില്ലെന്ന കാര്യം ഓര്‍മിക്കുന്നത് നന്ന്. അവരുടെ പക്കലും അണുബോംബുകളുണ്ട്. നിര്‍ഭാഗ്യവശാല്‍ അവ ഞങ്ങളുടെ മേല്‍ പതിക്കും.”-മുന്‍കേന്ദ്രമന്ത്രിയും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും കൂടിയായ ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
ഇന്ത്യയിലെ വികസനം കണ്ട് ഇന്ത്യയുടെ ഭാഗമാകണമെന്ന് പാക് അധീന കശ്മീരിലെ ജനങ്ങള്‍ സ്വയം ആവശ്യപ്പെടുമെന്ന് ഏപ്രില്‍ ആദ്യം രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. ആശങ്കപ്പെടേണ്ട, പാക് അധിനിവേശ കശ്മീര്‍ നമ്മുടേതാണ്. നമ്മുടേതായിത്തന്നെ തുടരും എന്നാണ് പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെ രാജ്‌നാഥ് സിങ് പറഞ്ഞത്. ഇന്ത്യയുടെ കരുത്ത് വര്‍ധിക്കുകയാണ്. ലോകത്താകമാനം ഇന്ത്യയുടെ പ്രശസ്തി വര്‍ധിക്കുകയാണ്. കൂടാതെ നമ്മുടെ സമ്പദ്ഘടന ത്വരിതഗതിയില്‍ വളരുകയാണ്. ഇന്ത്യയുമായി കൂടിച്ചേരണമെന്ന് പാക് അധിനിവേശ കശ്മീരിലെ നമ്മുടെ സഹോദരീസഹോദരങ്ങള്‍ സ്വയം ആവശ്യപ്പെടും.-രാജ്നാഥ് സിങ് പറഞ്ഞു.
പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പറഞ്ഞിരുന്നു. ഇന്ത്യയുടെ ഭാഗമായ പാക് അധിനിവേശ കശ്മീരിന്റെ മേല്‍ ഇന്ത്യക്കുള്ള അധികാരം അവഗണിച്ച് അതിനെ ചൂഷണം ചെയ്യാന്‍ മറ്റൊരു രാജ്യത്തെ അനുവദിച്ചിരിക്കുകയാണ്. പാക് അധീന കശ്മീര്‍ എന്ന സംഗതി തന്നെ ജനങ്ങള്‍ മറന്നതാണെന്നും എന്നാല്‍ വീണ്ടുമത് ജനങ്ങളുടെ ഓര്‍മയിലേക്ക് മടങ്ങിയെത്തിരിക്കുകയാണെന്നും ജയശങ്കര്‍ പറഞ്ഞു.