കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ പൊടുന്നനെ 17 പേരെ പ്രതിചേർത്തതിൽ ദുരൂഹതയുണ്ടെന്ന് കർമസമിതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കർമ സമിതി നൽകിയ ഹരജിയിൽ സി.ബി.ഐ ഡയറക്ടർ ഉൾപ്പടെയുള്ളവർക്ക് നോട്ടീസ് നൽകിയപ്പോഴാണ് 17 പേരെ പ്രതിചേർത്തത്. അതുവരെ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നുവെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും ഈ കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഫാഷൻ ഗോൾഡ് ജ്വല്ലറി കർമസമിതിയും പി.ഡി.പി. ജില്ല കമ്മിറ്റിയുമാണ് ഹൈകോടതിയെ സമീപിച്ചത്. ഹൈകോടതി ഹരജി ഫയലിൽ സ്വീകരിച്ച് ഡി.ജി.പി, എസ്.പി ക്രൈം ബ്രാഞ്ച്, സി.ബി.ഐ ഡയറക്ടർ എന്നിവർക്ക് നോട്ടീസ് അയച്ചു.
ഹൈകോടതി ഇടപെട്ട സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരാതിക്കാരെ വിളിച്ചുവരുത്തി അവരിൽനിന്ന് വീണ്ടും മൊഴി എടുക്കുകയാണ്. കൂടാതെ ഹൈകോടതി നോട്ടീസ് കിട്ടിയശേഷം കേവലം രണ്ടുദിവസം കൊണ്ടാണ് 17 പേരെ പ്രതിയാക്കിയത്. മൂന്നുവർഷമായി മിണ്ടാതിരുന്ന ക്രൈംബ്രാഞ്ച് ധ്രുതഗതിയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് ഈ കേസ് അട്ടിമറിക്കുന്നതിനാണ് എന്നാണ് സംശയിക്കുന്നത്. 2020ആ ഗസ്റ്റ് 27നാണ് ഇതുസംബന്ധിച്ച് ആദ്യ കേസ് ചന്തേര പോലീസ് രജിസ്റ്റർ ചെയ്യുന്നത്.
കമ്പനിയുടെ ഡയറക്ടർമാരിൽ പലരും ക്രൈംബ്രാഞ്ചിന്റെ പിടിപ്പുകേടുകൊണ്ട് വിദേശത്തേക്ക് കടന്നിരിക്കുന്നു. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പൂക്കോയ തങ്ങളുടെ മകനെ പോലും പിടികൂടാനായില്ല. കിലോക്കണക്കിന് സ്വർണം ഇവർ കടത്തിക്കൊണ്ടുപോയെന്ന് മൊഴിയും ഉണ്ട്. ഇതെല്ലാംതന്നെ വിദേശത്ത് ബിനാമികളുടെ പേരിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇതെല്ലാം കണ്ടെത്തണമെങ്കിൽ കേവലം ക്രൈംബ്രാഞ്ച് അന്വേഷണം പര്യാപ്തമല്ല. അതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്.
മാത്രമല്ല, കമ്പനി ആരംഭിച്ചതിന് ശേഷം പൂക്കോയ തങ്ങളുടേയും എം.സി ഖമറുദ്ദീന്റേയും ബന്ധുക്കളുടെ പേരിൽ അടക്കം നടന്ന ഇടപാടുകളും അന്വേഷിക്കണമെന്നും പ്രതികളുടെ സ്വത്തുവകകൾ കണ്ടു കെട്ടണമെന്നും ഹൈകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ കർമസമിതി ചെയർമാൻ ബാലകൃഷ്ണൻ പയ്യന്നൂർ, ജനറൽ കൺവീനർ കെ.കെ. സൈനുദ്ദീൻ കെ.കെ സുബൈർ പടുപ്പ്, ഒ.എം. അസീസ് ഹാജി, മിസിരിയ പടന്ന, മുനീറ, മുത്തലിബ് വെള്ളച്ചാൽ എന്നിവർ സംബന്ധിച്ചു.