മൂവാറ്റുപുഴ: കലൂരിൽ കഞ്ചാവുമായി പിടിയിലായ അച്ഛനും മകനും ഉൾപ്പെട്ട സംഘം നിരവധി തവണ കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തിയതായി എക്സൈസ്. വിശദമായ അന്വേഷണത്തിനായി പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.
ആന്ധ്രയിൽ നിന്നും തൊടുപുഴയിലേക്ക് ലോറിയിൽ കൊണ്ടു വരുന്നതിനിടെയാണ് എൺപതു കിലോ കഞ്ചാവ് എക്സൈസ് സംഘം മൂവാറ്റുപുഴക്കു സമീപം വച്ച് പിടികൂടിയത്. തൊടുപുഴ കാളിയാർ സ്വദേശി തങ്കപ്പൻ, ഇയാളുടെ മകൻ അരുൺ, പടിഞ്ഞാറേ കോടിക്കുളം സ്വദേശി നിതിൻ വിജയൻ, വണ്ണപ്പുറം സ്വദേശി അബിൻസ് എന്നിവരാണ് ലോറിയിൽ ഉണ്ടായിരുന്നത്.
ഇവരെ അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. വിദേശത്തുള്ള നാസറിൻറെ നിർദ്ദേശ പ്രകാരം അരുണാണ് ഇവിടെ കഞ്ചാവ് കടത്തിന് നേതൃത്വം നൽകിയിരുന്നത്. മൊബൈൽ ആപ്പുകൾ വഴിയാണ് നിർദ്ദേശങ്ങൾ കൈമാറിയിരുന്നത്. മൂന്നു വർഷത്തിലധികമായി ഇയാൾ ലോറിയിൽ ആന്ധ്രയിൽ പോയി വരുന്നുണ്ട്. ഇത്തവണ പിടിയിലായ ലോറിയും അരുണിൻറെ പേരിലുള്ളതാണ്. നിരവധി തവണ അരുണിന്‍റെ നേതൃത്വത്തിൽ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.
ഓരോ തവണയും ആയിരം കിലോയിലധികം കഞ്ചാവാണ് ഇവർ അതിർത്തി ചെക്കു പോസ്റ്റുകളിലൂടെ കൊണ്ടു വരുന്നത്. കഴിഞ്ഞ രണ്ടാം തീയതിയും 1500 കിലോ കഞ്ചാവ് സംസ്ഥാനത്ത് എത്തിച്ചിരുന്നു. ഇത്തവണ ലോറിയിലുണ്ടായിരുന്ന സാധനങ്ങൾ മംഗലാപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇറക്കിയതായി ഇവർ സമ്മതിച്ചിട്ടുണ്ട്. ഇതിൽ കഞ്ചാവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് എക്സൈസ് സംശയിക്കുന്നത്.
മഞ്ചേശ്വരം ചെക്കു പോസ്റ്റ് കടന്ന് നൂറുകണക്കിനു കിലോമീറ്റർ കേരളത്തിലൂടെ സഞ്ചിരിച്ചാണ് ഇത്തവണ ലോറി മൂവാറ്റുപുഴയിലെത്തിയത്. രണ്ടാഴ്ചയിലൊരിക്കൽ വിദേശത്തു നിന്നും നാസർ കേരളത്തിലെത്താറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ വൻ കഞ്ചാവ് കടത്തിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് എക്സൈസ്.