കല്‍പ്പറ്റ: മുന്‍വിരോധത്തിന്റെ പേരില്‍ മീനങ്ങാടി സ്വദേശിയ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അച്ഛനും മകനും ഏഴ് വര്‍ഷം തടവും പിഴയും വിധിച്ച് കോടതി. 2018 ല്‍ മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമ കേസിലെ പ്രതികളായ കൃഷ്ണഗിരി കരയംകുന്ന് വീട്ടില്‍ രവീന്ദ്രന്‍ എന്ന ബാബു(59), മകന്‍ രാഹുല്‍ (26) എന്നിവരെയാണ് ഏഴ് വര്‍ഷം കഠിനതടവിനും 35000 രൂപ പിഴയൊടുക്കുന്നതിനും വയനാട് ജില്ല സെഷന്‍സ് കോടതി ശിക്ഷിച്ചത്.
മീനങ്ങാടി സ്വദേശിയായ പരാതിക്കാരനെ മുന്‍ വിരോധത്തിന്റെ പേരില്‍ ബൈക്ക് തള്ളിമറിച്ചിട്ട് റോഡരികിലുണ്ടായിരുന്ന ട്രാഫിക് കോണ്‍ ഉപയോഗിച്ച് അടിച്ചുകൊല്ലാന്‍ ശ്രമിച്ചുവെന്നതാണ് കേസ്. ഒന്നാം പ്രതിയായ രാഹുല്‍ ഈ കേസിന്റെ വിചാരണക്കിടെ വാഹനപരിശോധന നടത്തുകയായിരുന്ന മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സം വരുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിന് സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, വയനാട്ടില്‍ പിതാവിനൊപ്പം നടന്ന് പോകവെ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ റിമാന്‍റിലായി. പിതാവിനൊപ്പം നടക്കുകയായിരുന്ന പെണ്‍കുട്ടിയെ 38കാരന്‍ കയറിപ്പിടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ പിടികൂടുമെന്നായപ്പോള്‍ തന്ത്രപരമായി രക്ഷിക്കാന്‍ ശ്രമിച്ചയാളും റിമാന്‍റിലായി.
കല്‍പ്പറ്റ സ്റ്റേഷന്‍ പരിധിയിലാണ് പൊതുജനമധ്യത്തില്‍ വച്ച് കഴിഞ്ഞ ദിവസം അതിക്രമം നടന്നത്. പുത്തൂര്‍വയല്‍ മില്ല് റോഡ് തെങ്ങിന്‍തൊടി വീട്ടില്‍ നിഷാദ് ബാബു (38), മാങ്ങവയല്‍ കാരടി വീട്ടില്‍ അബു (51) എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. നിഷാദ് ബാബുവാണ് പെണ്‍കുട്ടിയെ അപമാനിച്ചത്. സംഭവത്തിന് പിന്നാലെ നിഷാദ് ബാബുവിനെ നാട്ടുകാര്‍ പിടികൂടിയിരുന്നു. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോ റിക്ഷയില്‍ കയറ്റി രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനാണ് 51കാരനെ പിടികൂടിയത്.