ആലപ്പുഴ : നാലാം ക്ലാസുകാരിയെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവും രണ്ടാനമ്മയും ഒളിവിൽ. കുട്ടിയുടെ പിതാവ് അൻസറും രണ്ടാനമ്മ ഷെബീനയുമാണ് ഒളിവിൽ പോയത്. കുട്ടിയെ ശിശു സംരക്ഷണ സമിതിയുടെ നിരീക്ഷണത്തിൽ പിതാവിന്റെ വീട്ടിലേക്ക് മാറ്റി. വലിയ കൈവിരലുകളുടെ പാടും നീരുവന്ന് ചുവന്ന മുഖവുമായി ക്ലാസിൽ എത്തിയ കുട്ടിയോട് അധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരതകൾ പുറത്ത് വന്നത്. പെൺകുട്ടി ജനിച്ച് ദിവസങ്ങൾക്കകം അമ്മ മരിച്ചിരുന്നു. ഒന്നര വർഷം കഴിഞ്ഞപ്പോൾ കുട്ടിയുടെ പിതാവ് രണ്ടാമത് വിവാഹം കഴിച്ചു. പിതാവിന്റെ വീട്ടിൽ ആയിരുന്ന കുടുംബം ഒന്നര വർഷം മുൻപാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്.
ഇതിന് ശേഷമാണ് തനിക്ക് രണ്ടാനമ്മയിൽ നിന്നും പിതാവിൽ നിന്നും ക്രൂരമായ മർദനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത് എന്നാണ് കുട്ടി പറയുന്നത്. അധ്യാപകർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നൂറനാട് പോലിസ് കുട്ടിയുടെ പിതാവ് അൻസറിന്റെയും രണ്ടാനമ്മ ഷെബീനയുടെയും പേരിൽ കേസെടുത്തിരുന്നു. ഇരുവരും ഒളിവിലാണ്. കുട്ടിയെ കുട്ടിയുടെ ഇഷ്ട പ്രകാരം പിതാവിന്റെ വീട്ടിലേക്ക് മാറ്റി. കുഞ്ഞ് ശിശു സംരക്ഷണ സമിതിയുടെ നിരീക്ഷണത്തിൽ ആയിരിക്കും.