പത്തനംതിട്ട: 12 വയസ്സുകാരിയായ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ തിരുവല്ല സ്വദേശിയായ 38കാരന് മൂന്ന് ജീവപര്യന്തം തടവ്. പെൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതിന് 10 വർഷം കഠിന തടവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവർഷം കഠിന തടവും ശിക്ഷിച്ചു. കൂടാതെ ഏഴുലക്ഷം രൂപ പിഴ ഒടുക്കണം. പിഴ ഒടുക്കാതിരുന്നാൽ കൂടുതൽ തടവുശിക്ഷ അനുഭവിക്കണമെന്നും പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി ഡോണി തോമസ് വിധിയിൽ പറഞ്ഞു.
2022-23ലാണ് കേസിനാസ്പദമായ സംഭവം തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത്. പ്രതിയുടെ മാതാപിതാക്കളും ഈ വീട്ടിലാണ് താമസിച്ചിരുന്നത്. പെൺകുട്ടി അമ്മയോടോ ബന്ധുക്കളോടോ കാര്യങ്ങൾ പറയാതിരിക്കാൻ ഫോൺ കാളുകൾ റെക്കോഡ് ചെയ്യുകയും ഇളയ സഹോദരിയെയും ലൈംഗിക ചൂഷണത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പീഡനവിവരം ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതിയുടെ മാതാവ് കാര്യമായി എടുത്തില്ലെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.
കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം മനസ്സിലാക്കിയ മാതാവിന്‍റെ അമ്മ വീട്ടിലേക്ക് നിർബന്ധപൂർവം കൂട്ടിക്കൊണ്ടുപോയി കൗൺസലിങ്ങിന് വിധേയയാക്കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. എറണാകുളം കല്ലൂർക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, സംഭവം നടന്ന തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിലേക്ക് അന്വേഷണം മാറ്റി. പുളിക്കീഴ് പൊലീസ് പ്രതിയെ ബംഗളൂരുവിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പൊലീസ് ഇൻസ്പെക്ടറായിരുന്ന ഇ.ഡി. ബിജുവാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി.