തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഭര്‍ത്താവ് തൂങ്ങിമരിച്ചതിന് പിന്നാലെ ആസിഡ് കുടിച്ച് ഭാര്യ ആത്മഹത്യ ചെയ്തോടെ നൊമ്പരമായി ഇവരുടെ മൂന്നരവയസുള്ള മകൾ. ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശികളായ രാജേഷും അപര്‍ണയുമാണ് ജീവനൊടുക്കിയത്. അസ്വാഭാവിക മരണത്തിന് വലിയമല പൊലീസ് കേസെടുത്തിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പായിരുന്നു രാജേഷിന്‍റേയും അപര്‍ണയുടേയും പ്രണയ വിവാഹം.
ഇരുവരുടേയും വീടുകൾ തമ്മിൽ 100 മീറ്ററിൽ താഴെ മാത്രം ദൂരമേ ഉണ്ടായിരുന്നുള്ളൂ. ഒരാഴ്ചയായി ഇരുവരും തമ്മിൽ സൗന്ദര്യ പിണക്കത്തിലായിരുന്നു. ഇതോടെ തൊട്ടടുത്തുള്ള തറവാട്ടിലേക്ക് അപര്‍ണ മകളുമൊത്ത് മാറിത്താമസിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് അപര്‍ണയുടെ വീട്ടിലെത്തിയ രാജേഷ് ഭാര്യയേയും മകളേയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ അപര്‍ണ വിസമ്മതിച്ചു. ഇതിന്‍റെ നിരാശയിൽ വീട്ടിലെത്തിയ രാജേഷ് രാത്രി മുറിക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.
രാവിലെ പത്തരയോടെയാണ് രാജേഷിന്‍റെ മരണ വാര്‍ത്ത അപര്‍ണ അറിഞ്ഞത്. ഉടൻ തന്നെ തറവാട്ടില്‍ അപര്‍ണ ആസിഡ് കുടിക്കുകയായിരുന്നു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ ഇന്നലെ ഒരുമണിയോടെ അപര്‍ണയും മരണത്തിന് കീഴടങ്ങി. 24 മണിക്കൂറിനിടെ അച്ഛനും അമ്മയും മരിച്ചതോടെ മൂന്നര വയസുകാരി ലച്ചു അനാഥയായിരിക്കുകയാണ്. വെൾഡിംഗ് തൊഴിലാളിയായിരുന്നു രാജേഷ്.
അതേസമയം, തലസ്ഥാനത്ത് അടുത്തിയിടെ നാടിനെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് തുടർച്ചയായി സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ നാൽപ്പത്തിയഞ്ചു വയസുകാരനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയിരുന്നു. നെയ്യാറ്റിൻകര പഴയ ഉച്ചക്കടയ്ക്ക് സമീപം ചൂരക്കാട് സ്വദേശി ജോൺ (45) ആണ് മരിച്ചത്. മരം മുറിക്കുന്ന കട്ടർ ഉപയോഗിച്ച് സ്വയം കഴുത്തറുത്ത് ആത്മമഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.