മുംബൈ: മഹാരാഷ്ട്രയില്‍ 8 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് ജീവപര്യന്തം തടവ് ശിക്ഷ. പ്രത്യേക കോടതി പോക്‌സോ ജഡ്ജി നസീറ ഷെയ്ഖാണ് ശിക്ഷ വിധിച്ചത്. സംരക്ഷകന്‍ വേട്ടക്കാരനായി മാറുന്ന കേസാണിതെന്ന നിരീക്ഷണം നടത്തിയാണ് കോടതി വിധി പ്രസ്താവിച്ചത്. പിതാവ്-മകള്‍ ബന്ധത്തിന്റെ പ്രാധാന്യത്തെയും സംരക്ഷകന്‍, ദാതാവ്, അച്ചടക്കപാലകന്‍ എന്നീ നിലകളില്‍ പിതാവിന്റെ പങ്കിനെയും ഊന്നിപ്പറഞ്ഞാണ് ശിക്ഷാവിധി. ഇരയുടെ വിശ്വാസത്തിനും മനുഷ്യത്വത്തിലുള്ള വിശ്വാസത്തിനും മേലുള്ള വഞ്ചനയായാണ് പ്രതിയുടെ പ്രവൃത്തിയെ കാണുന്നതെന്നും കോടതി വ്യക്തമാക്കി.
2020 ഒക്ടോബര്‍ 12 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വൈകുന്നേരം 4 മണിയോടെ കുട്ടിയുടെ അമ്മ മൂത്ത മകനോടൊപ്പം അമ്മവീട് സന്ദര്‍ശിക്കാന്‍ പോയി. ഈ സമയം 8 വയസ്സുകാരി തന്റെ നാല് സഹോദരങ്ങളോടൊപ്പം വീട്ടിലുണ്ടായിരുന്നു. വൈകിട്ട് ആറ് മണിയോടെ അമ്മ വീട്ടിലെത്തിയപ്പോള്‍ മകളുടെ നിലവിളി കേട്ടു. വീടിനുള്ളില്‍ കയറിയപ്പോള്‍ തന്റെ ഭര്‍ത്താവ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ അമ്മ കുട്ടിയെ പ്രതിയില്‍ നിന്ന് രക്ഷപ്പെടുത്തുകയും തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.