ഗോഹ്പൂർ (അസ്സം): അസ്സമില്‍ നവജാത ശിശുവിനെ സ്വന്തം പിതാവ് 6000 രൂപയ്ക്ക് വിറ്റു. അസമിലെ ബിശ്വനാഥ് ജില്ലയിലെ ഗോഹ്പൂർ മേഖലയിലാണ് സംഭവം. തന്‍റെ മകനും മരുമകള്‍ക്കും കുഞ്ഞ് പിറന്നെന്നും കുട്ടി മരണപ്പെട്ടെന്നും ആരോപിച്ച് ഗോഹ്പൂർ മേഖലയിലെ മഗോണി കച്ചാരി സ്വദേശി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പണം വാങ്ങി വിറ്റതാണെന്ന് പൊലീസ് കണ്ടെത്തിയത്.
ഓഗസ്റ്റ് 11 ന് ഗോഹ്പൂർ സർക്കാർ ആശുപത്രിയിൽ തന്റെ മരുമകൾ പെൺകുഞ്ഞിന് ജന്മം നൽകിയെന്നും കുഞ്ഞ് മരിച്ചെന്ന് മകന്‍ പറഞ്ഞെന്നും മഗോണി കച്ചാരി സ്വദേശി പരാതി നല്‍കിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പൊലീസില്‍ പരാതി ലഭിച്ചത്. പൊലീസ് അന്വേഷണത്തില്‍ കുഞ്ഞ് ജനിച്ച ഉടനെ തന്നെ മരണപ്പെട്ടതായി കുട്ടിയുടെ പിതാവ് അറിയിച്ചു. സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ പിതാവ് മറ്റൊരാള്‍ക്ക് വിറ്റെന്ന് മനസിലായത്.
യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ലഖിംപൂർ ജില്ലയിലെ ഒരാൾക്ക് കുഞ്ഞിനെ 6,000 രൂപയ്ക്ക് വിറ്റതായി വെളിപ്പെടുത്തി. തുടര്‍ന്ന് പൊലീസ് ലഖിപൂരിലെത്തി നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ കണ്ടെത്തി സുരക്ഷിതമായി തിരിച്ചെത്തിച്ചു. സംഭവത്തില്‍ കുട്ടിയുടെ അച്ഛനുള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഗോഹ്പൂർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സുശീൽ കുമാർ ദത്ത ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
ലഖിംപൂരിലെ കൃഷ്ണ പ്രസാദ് ഉപാധ്യായ എന്നയാൾക്കാണ് യുവാവ് തന്‍റെ പെൺകുഞ്ഞിനെ വിറ്റത്. ആശുപത്രിയില്‍ ഉള്ള കുഞ്ഞിനെ ഉടനെ തന്നെ അമ്മയ്ക്ക് കൈമാറുമെന്നും അറസ്റ്റിലായ മൂന്ന് പ്രതികൾക്കെതിരെ തുടര്‍ നടപടികള്‍ കൈകൊള്ളുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.