കൊച്ചി : സര്‍ട്ടിഫിക്കറ്റുകളിൽ അച്ഛന്റെ പേര് നൽകണമെന്ന് നിര്‍ബന്ധമില്ലെന്നും അമ്മയുടെ പേര് മാത്രം നൽകിയാൽ മതിയെന്നും കേരള ഹൈക്കോടതി. അച്ഛൻ ആരെന്ന് അറിയാത്ത യുവാവിന്റെ ജനന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളിൽ നിലവിൽ നൽകിയിട്ടുള്ള അച്ഛന്റെ പേര് ഒഴിവാക്കി അമ്മയുടെ പേര് മാത്രം ചേര്‍ത്ത് പുതിയ സര്‍ട്ടിഫിക്കറ്റ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് നിര്‍ണ്ണായക വിധി.
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് അജ്ഞാതനിൽ നിന്ന് ഗര്‍ഭിണിയായ അമ്മയും അവരുടെ മകനും നൽകിയ ഹര്‍ജിയിലാണ് കോടതി വിധി. നിലവിൽ രേഖപ്പെടുത്തിയിരിക്കുന്ന പിതാവിന്റെ പേര് ഒഴിവാക്കി പുതിയ സര്‍ട്ടിഫിക്കറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ നൽകണമെന്നും കോടതി പറഞ്ഞു. മാത്രമല്ല നൽകുന്ന അപേക്ഷ പ്രകാരം എസ്എസ്എൽസി മുതൽ പാസ്പോര്‍ട്ട് വരെയുള്ള രേഖകളിലും പിതാവിന്റെ പേര് ഒഴിവാക്കി നൽകണമെന്നും കോടതി പറഞ്ഞു. അവിവാഹിതയായ അമ്മ പ്രസവിച്ച മകനും രാജ്യത്തിന്റെ പൗരനാണെന്നും ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ നിഷേധിക്കാനാവില്ലെന്നും കോടതി വിലയിരുത്തി.
ഹര്‍ജിക്കാരന്റെ ജനന സര്‍ട്ടിഫിക്കറ്റ്, എസ്എ സ്എല്‍സി സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ നിരസിച്ചതോടെയാണ് അമ്മയും മകനും സംയുകത്മായി ഹൈക്കോടതിയെ സമീപിച്ചത്. മഹാഭാരത കഥയിൽ കര്‍ണ്ണന്റെ അവസ്ഥ വിവരിക്കുന്ന കഥകളി പദവും വിധി ന്യായത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. കര്‍ണ്ണശപഥം ആട്ടക്കഥയിലെ വരികളാണ് ഉൾക്കൊള്ളിച്ചിരുന്നത്.