ബന്തിയോട് : കിണറ്റിലെ വെള്ളത്തിൽ നൂറുകണക്കിനു ഒച്ച് ചത്തു പൊങ്ങിയ നിലയിൽ. ഷിറിയയിൽ ഫാത്തിമത്ത് സുഹ്റയുടെ വീട്ടുകിണറ്റിലാണ് രണ്ടു ദിവസമായി ഇതിനെ കാണുന്നത്. വീട്ടിലേക്കാവശ്യമായ കുടിവെള്ളം ഉൾപ്പെടെ എടുക്കുന്നത് ഈ കിണറ്റിൽ നിന്നാണ്. ആരോഗ്യ വകുപ്പ് അധികൃതരെയും മറ്റും അറിയിച്ചിരുന്നെങ്കിലും അവർ ഇത് പരിശോധിച്ചു പ്രശ്നം പരിഹരിക്കാൻ നടപടി എടുത്തില്ലെന്നു പരാതി ഉണ്ട്. പിന്നീട് ജില്ലാ മെഡിക്കൽ ഓഫിസർ, കളക്ടർ തുടങ്ങിയവരെയെല്ലാം ബന്ധപ്പെട്ട ശേഷമാണ് മംഗൽപാടി താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗം അധികൃതർ എത്തിയത്. ഇത്തരത്തിൽ ഒച്ചുകൾ വരുന്നത് അപൂർവമാണെന്നു അവർ പറഞ്ഞു. വീട്ടിലെ ശുചി മുറിയിലും സമീപത്തും ഒച്ചുകൾ ധാരാളമായുണ്ടെന്നു വീട്ടുടമ പറയുന്നു. ഈ പ്രദേശത്തെ കിണറുകളിൽ ഈ കിണറ്റിൽ മാത്രമാണ് ഒച്ചുകൾ ചത്തുപൊങ്ങിയിട്ടുള്ളത്. വേനൽ കടുത്തു തുടങ്ങിയതോടെ വെള്ളത്തിനു ക്ഷാമം ഉണ്ടായിരിക്കെ ഉള്ള കിണർ ഉപയോഗിക്കാൻ കഴിയാത്തത് ദുരിതമായി.
വെള്ളം ജല അതോറിറ്റി ലാബിൽ പരിശോധനയ്ക്കു നൽകിയിട്ടുണ്ട്. വീട്ടിലെ ജലസംഭരണി, പൈപ്പ് തുടങ്ങിയവ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധിച്ചെങ്കിലും അവിടെ ഒച്ചിന്റെ സാന്നിധ്യം കണ്ടില്ല. പെട്ടെന്ന് ഒരു ദിവസം കിണറ്റിൽ ഇവ ചത്തു പൊങ്ങിയത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. പൈപ്പിൽ ചിലപ്പോൾ ഒച്ച് ഉണ്ടായിരുന്നിരിക്കാമെന്ന് ഇവർ പറയുന്നു. കിണർ നേരത്തെ വൃത്തിയാക്കിയതായിരുന്നു. കടൽത്തീര സാമീപ്യം ഉള്ളതിനാൽ ഉപ്പുവെള്ളം ഊർന്നു കിണറ്റിലെത്താനുള്ള സാധ്യത ഉണ്ട്. പൈപ്പിൽ നിന്നു കിണറ്റിലേക്കുവീണ ഒച്ച് ഇങ്ങനെ ചത്തതാകാം എന്നാണ് ഇവരുടെ നിഗമനം. ഒച്ചുകളെ നീക്കി കിണറ്റിലെ വെള്ളം വൃത്തിയാക്കിയിട്ടുണ്ട്. താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്രണ്ട് ഡോ.ശാന്തി, ഹെൽത്ത് ഇൻസ്പെക്ടർ ആർ.രാജേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ബിജിനി എന്നിവർ അടങ്ങിയ സംഘമാണ് സ്ഥലം പരിശോധിച്ചത്.