കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന രോഗമാണ് ഫാറ്റിലിവര്‍ ഡിസീസ്. മദ്യപാനം മൂലമുള്ളതും അല്ലാത്തതുമായി രണ്ട് വിധത്തില്‍ ഫാറ്റി ലിവര്‍ രോഗം വരാറുണ്ട്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് പലപ്പോഴും അമിത വണ്ണക്കാരിലും അലസമായ ജീവിതശൈലിയും സംസ്കരിച്ച ഭക്ഷണം അടങ്ങിയ ഭക്ഷണക്രമവും പിന്തുടരുന്നവരിലുമാണ് കണ്ടു വരുന്നത്. ഈ രോഗത്തെ നേരിടാന്‍ കൊഴുപ്പ് കുറഞ്ഞതും ഫൈബറും കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും അധികമുള്ളതുമായ ഭക്ഷണം കഴിക്കേണ്ടതാണ്. ഇതിന് സഹായിക്കുന്ന ചില ഭക്ഷണ വിഭവങ്ങള്‍ പരിചയപ്പെടാം
1. ഓട്സ്
കൊഴുപ്പ് കുറഞ്ഞതും ഫൈബറും കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റും അടങ്ങിയതുമായ ഭക്ഷണമാണ് ഓട്സ്. ഇത് കഴിക്കുന്നത് ഭാരം കുറയ്ക്കാനും അത് വഴി ഫാറ്റി ലിവറിനെ പ്രതിരോധിക്കാനും സഹായിക്കും.
2. അവക്കാഡോ
സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ വെണ്ണയ്ക്ക് പകരം അണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ അവക്കാഡോ പോലുള്ള ഭക്ഷണവിഭവങ്ങള്‍ കഴിക്കാവുന്നതാണ്. അവക്കാഡോയിലെ ഒമേഗ-3 ഫാറ്റി ആസിഡും ഫാറ്റിലിവറിനെ പ്രതിരോധിച്ച് കരളിനുണ്ടാകുന്ന നാശം കുറയ്ക്കും.
3. വെളുത്തുള്ളി
പല ഇന്ത്യന്‍ ഭക്ഷണവിഭവങ്ങളുടെയും പ്രധാന ചേരുവയാണ് വെളുത്തുള്ളി. വെളുത്തുള്ളി അടങ്ങിയ സപ്ലിമെന്‍റുകള്‍ ഫാറ്റി ലിവര്‍ രോഗികളുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
4. പച്ചിലകള്‍
ചീര, ബ്രക്കോളി പോലുള്ള പച്ചില വിഭവങ്ങള്‍ കരളില്‍ കൊഴുപ്പ് അടിയുന്നത് തടയുന്നു. ഇതിലെ ഫൈബര്‍ പെട്ടെന്ന് വിശക്കാതിരിക്കാനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും സഹായകമാണ്. പച്ചിലകളിലെ ക്ലോറോഫില്‍ കരളിനെ ശുദ്ധീകരിക്കുമ്പോൾ ഇവയിലെ നൈട്രേറ്റ് സംയുക്തങ്ങള്‍ കരള്‍ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ കുറച്ച് കരളിനെ സംരക്ഷിക്കുന്നു.
5. ഒലീവ് എണ്ണ
ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ റെഡ് മീറ്റിലും വെണ്ണയിലുമൊക്കെ കാണുന്ന സാച്ചുറേറ്റഡ് കൊഴുപ്പില്‍ നിന്ന് അകലം പാലിക്കേണ്ടതാണ്. ഒലീവ് എണ്ണയില്‍ അടങ്ങിയ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് ഇതിനാല്‍ പകരം ഉപയോഗിക്കാം.
6. മീന്‍
മത്തി, ചൂര, സാല്‍മണ്‍ പോലുള്ള മീനുകള്‍ ധാരാളമായി ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കരള്‍ നാശം കുറയ്ക്കാന്‍ സഹായകരമാണ്. ഹാനികരമായ ട്രൈഗ്ലിസറൈഡ് കുറയ്ക്കാനും ആരോഗ്യകരമായ എച്ച്ഡിഎല്‍ വര്‍ധിപ്പിക്കാനും മീന്‍ നല്ലതാണ്.
മദ്യപാനം മൂലമുള്ള ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ബാധിക്കപ്പെട്ടവര്‍ മദ്യപാനം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. അതേ സമയം നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഉള്ളവര്‍ രണ്ട് മാസത്തില്‍ ഒരു തവണയില്‍ കൂടുതല്‍ മദ്യപിക്കരുതെന്ന് ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.