നെടുമ്പാശ്ശേരി: എയർ ഇന്ത്യ വിമാനത്തിൽ ദുബൈയിലേക്കുള്ള യാത്രക്കിടെ പ്രമുഖ മെൻറലിസ്റ്റ് ഫാസിൽ ബഷീറിന് നഷ്ടമായ 12 ലക്ഷത്തിലേറെ രൂപ വിലയുള്ള ബാഗേജ് രണ്ട് ദിവസത്തിനുശേഷം തിരികെ കിട്ടി. ദുബൈയിലെ എയർ ഇന്ത്യയുടെ കാർഗോ വിഭാഗത്തിൽ ആളില്ലാത്ത നിലയിൽ തിങ്കളാഴ്ച രാത്രിയാണ് ബാഗേജ് കണ്ടെത്തിയത്.
കഴിഞ്ഞ 16ന് രാവിലെ 11ന് നെടുമ്പാശ്ശേരിയിൽനിന്ന് എ.ഐ 933 എയർ ഇന്ത്യ വിമാനത്തിലാണ് ഫാസിൽ ബഷീർ ദുബൈയിലേക്ക് പോയത്. 17ന് ദുബൈയിലും 18ന് അബൂദബിയിലും സ്റ്റേജ് ഷോ നടത്തുകയായിരുന്നു ലക്ഷ്യം. ഷോയ്ക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങളാണ് ‘ൈഫ്ലറ്റ്കേസ്’ എന്ന് അറിയപ്പെടുന്ന ബാഗേജിൽ ഉണ്ടായിരുന്നത്.
വിമാനം ദുബൈയിലെത്തിയപ്പോൾ ബാഗേജ് ലഭിച്ചില്ല. കൊച്ചിയിലെയും ദുബൈയിലെയും എയർ ഇന്ത്യ ജീവനക്കാർ പരസ്പരം കുറ്റമാരോപിച്ച് കൈയൊഴിഞ്ഞു. കൊച്ചിയിൽനിന്ന് ബാഗേജ് വിമാനത്തിൽ കയറ്റുന്ന സി.സി ടി.വി ദൃശ്യം ലഭിച്ചതിനെത്തുടർന്ന് ദുബൈ വിമാനത്താവളത്തിലെ വിശദമായ പരിശോധനയിലാണ് എയർ ഇന്ത്യയുടെ കാർഗോ വിഭാഗത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഫാസിൽ ബഷീർ യാത്ര ചെയ്ത വിമാനത്തിൽനിന്ന് ബാഗേജുകളുടെ കൂട്ടത്തിൽ ഇതും ഇറക്കിയെങ്കിലും ചരക്കുവാഹനത്തിൽ കയറ്റാൻ വിട്ടു. ഒറ്റപ്പെട്ടിരുന്ന ‘ൈഫ്ലറ്റ്കേസ്’ ഒരു ജീവനക്കാരൻ കാർഗോയിൽ എത്തിച്ചുവെന്നാണ് എയർ ഇന്ത്യ നൽകിയ വിശദീകരണം.