റഷ്യ: റഷ്യക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ട മുൻ എഫ്ബിഐ ഏജന്റ് റോബർട്ട് ഹാൻസനെ(79) ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. 2002 ജൂലൈ 17 മുതൽ അദ്ദേഹം കൊളറാഡോയിലെ ഫ്ലോറൻസിലെ പരമാവധി സുരക്ഷാ ജയിലിൽ കഴിയുകയാണ്. യുഎസ് ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ചാരന്മാരിൽ ഒരാൾ എന്ന് കുപ്രസിദ്ധിയാർജ്ജിച്ച ആളാണ് റോബർട്ട് ഹാൻസെൻ.
തിങ്കളാഴ്ച രാവിലെ 6:55 ഓടെയാണ് ഹാൻസനെ ചലനരഹിതനായി കണ്ടെത്തുന്നത്. എമർജൻസി മെഡിക്കൽ സംഘം ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങി. എന്നാൽ ഹാൻസന്റെ മരണകാരണം പുറത്തുവിട്ടിട്ടില്ല. 15 ഓളം ചാരവൃത്തി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഹാൻസെൻ, 2002 ജൂലൈ 17 മുതൽ ഫ്ലോറൻസ് ലോക്കപ്പിലാണ് കഴിഞ്ഞിരുന്നത്.
സോവിയറ്റ് യൂണിയനും പിന്നീട് റഷ്യയ്ക്കും വേണ്ടി 20 വർഷത്തിലേറെ ചാരപ്രവർത്തനം നടത്തിയിട്ടുണ്ട്. ഈ കാലയളവിൽ റഷ്യൻ അക്കൗണ്ടുകളിൽ നിന്ന് 1.4 മില്യൺ ഡോളറിലധികം പണവും വജ്രങ്ങളും മറ്റ് നിരവധി പാരിതോഷികങ്ങളും ലഭിച്ചു. 1976-ൽ എഫ്ബിഐയിൽ ഒരു സ്പെഷ്യൽ ഏജന്റായി ചേർന്ന ഹാൻസെൻ, രഹസ്യവിവരങ്ങളിലേക്കുള്ള പ്രവേശനം ലഭിക്കുന്ന നിരവധി ഇന്റലിജൻസ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.