ദില്ലി: കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് തന്നെയും മകനെയും മൂന്നു വർഷം വീട്ടിനുള്ളിൽ പൂട്ടിയിട്ട യുവതിയെ പൊലീസെത്തി രക്ഷിച്ചു. ഗുരുഗ്രാമിലെ ചക്കർപൂരിലാണ് സംഭവം. യുവതിയുടെ ഭർത്താവ് പൊലീസിൽ വിവരം നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
ഒരു സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായ സുജൻ മാജിയുടെ ഭാര്യ മുൻമുൻ മാജിയാണ് 10 വയസുകാരനായ മകനുമൊത്ത് മൂന്നു വർഷമായി വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞത്. സുജൻ മാജിയുടെ അഭ്യർത്ഥനപ്രകാരം ചക്കർപൂർ പൊലീസെത്തി അമ്മയെയും മകനെയും വീടിന്റെ പൂട്ട് പൊളിച്ച് പുറത്തെത്തിച്ചു. ആകെ അലങ്കോലപ്പെട്ട അവസ്ഥയിലായിരുന്നു വീടിന്റെ ഉൾവശം. വസ്ത്രങ്ങളും പലചരക്ക് സാധനങ്ങളും വെട്ടിയിട്ട തലമുടിയും മാലിന്യവും എല്ലാം ചിതറിക്കിടക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. മാജി തന്നെയാണ് ഇക്കാലമത്രയും മകന്റെ തലമുടി വെട്ടിയിരുന്നത്.
ഗ്യാസ് സ്റ്റൗവിനു പകരം ഇൻഡക്ഷൻ കുക്കറാണ് പാചകത്തിനായി ഉപയോഗിച്ചിരുന്നത്. മൂന്നു വർഷമായി മാലിന്യങ്ങൾ പുറത്തുകളഞ്ഞിരുന്നില്ല. ഇക്കാലത്തിനിടയിൽ പുറത്തുനിന്നാരും വീട്ടിലേക്ക് പ്രവേശിച്ചിട്ടുമില്ല. കുട്ടി പെൻസിൽ ഉപയോഗിച്ച് ചുവരുകളിൽ ചിത്രം വരയ്ക്കുക മാത്രമാണ് ചെയ്തിരുന്നത്. മൂന്നു വർഷമായി കുട്ടി പുറത്തെ വെളിച്ചം പോലും കണ്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇവർ വീട്ടിനുള്ളിൽ പൂട്ടിയിരിക്കുകയാണെന്ന് അയൽക്കാർക്കും പോലും വിവരമുണ്ടായിരുന്നില്ല.
വീടിനു പുറത്തിറങ്ങിയാൽ തന്റെ മകൻ മരിക്കുമെന്ന ഭയമാണ് യുവതിയെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിനെപ്പോലും വീടിനുള്ളിലേക്ക് കയറാൻ യുവതി സമ്മതിച്ചിരുന്നില്ല. 2020ൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സമയത്ത് ഓഫീസിൽ പോയ ഭർത്താവിനെ പിന്നീട് വീട്ടിലേക്ക് വരാൻ അനുവദിക്കാതിരിക്കുകയായിരുന്നു. ഭർത്താവ് വീഡിയോകോളിലൂടെയാണ് കുടുംബവുമായി ബന്ധപ്പെട്ടിരുന്നത്. വീടിന്റെ വാടക ഇദ്ദേഹം മുടങ്ങാതെ കൊടുത്തിരുന്നു. വൈദ്യുതി ബില്ല്, കുട്ടിയുടെ സ്കൂൾ ഫീസ് തുടങ്ങിയവയും മുടക്കിയില്ല. പലചരക്ക്, പച്ചക്കറി സാധനങ്ങളെല്ലാം ഓൺലൈനായി ഓർഡർ ചെയ്ത് വീട്ടിലെത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു. യുവതിയെയും മകനെയും വീട്ടിൽ നിന്ന് പുറത്തെത്തിച്ച ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.