തിരുവനന്തപുരം : വയനാട്ടിലേക്ക് ചുരത്തിന് ബദല്‍ പാതയായ പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡിന്റെ നിര്‍മാണ സാധ്യത പരിശോധനയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി. റോഡ് നിര്‍മാണത്തിന്റെ സാധ്യത കണ്ടെത്തുന്നതിനുള്ള പരിശോധന നടപടികള്‍ക്ക് 1.50 കോടി രൂപയ്ക്കാണ് ഭരണാനുമതി നല്‍കിയത്. വയനാട്ടിലേക്ക് ഗതാഗത കുരുക്കില്‍ പെടാതെയും ചുരം വഴിയല്ലാതെയും എളുപ്പത്തില്‍ എത്തുക എന്ന കാല്‍ നൂറ്റാണ്ടായുള്ള ജനങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്കാണ് ഇത് വഴിവെക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലായി 28.83 കിലോമീറ്റര്‍ ദൂരമുള്ള പാതയാണ് കോഴിക്കോട് പടിഞ്ഞാറത്തറ ചുരമില്ലാ ബദല്‍ പാത. ഇതില്‍ 10.61 കിലോമീറ്റര്‍ കോഴിക്കോട് ജില്ലയിലും 18.22കിലോമീറ്റര്‍ വയനാട് ജില്ലയിലും ആണ്.