കൊച്ചി : കൊവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി തീയേറ്ററുകൾ അടയ്ക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഫെഫ്ക. എന്ത് ശാസ്ത്രീയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കൊവിഡ് നിയന്ത്രണത്തിനായി തീയേറ്ററുകൾ അടയ്ക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മാളുകളും ബാറുകളും തുറക്കുമ്പോൾ തീയറ്ററുകൾ മാത്രം അടച്ചിടുന്നത് എന്തുകൊണ്ടാണെന്നും തീയറ്ററുകൾ കൊവിഡ് വ്യാപന കേന്ദ്രമായി രാജ്യത്ത് എവിടെയെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്നും ഫെഫ്ക ചോദിച്ചു. പ്രേക്ഷകരോട് ഇക്കാര്യത്തിൽ വിദഗ്ധ സമിതി ഉത്തരം പറയണം. അൻപത് ശതമാനം സീറ്റുകളിലാണ് പ്രേക്ഷകരെ പ്രവേശിപ്പിക്കുന്നത് എന്നിരിക്കെ തീയറ്ററുകൾ തുടക്കുന്നതിൽ പുനരാലോചന വേണമെന്നും ഫെഫ്ക പറഞ്ഞു.