മുടി ആരോഗ്യത്തോടെ തഴച്ച് വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. മുടിയുടെ പല പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ് ഉലുവയെന്ന് വിദഗ്ദ്ധർ പറയുന്നു. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളർച്ചയ്ക്കു സഹായിക്കുന്നത്.
മുടി വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളായ എ, കെ, സി, ഫോളിക് ആസിഡ്, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഉലുവ. കൂടാതെ, ഉലുവ മുടി വളർച്ചയ്ക്ക് സഹായിക്കുന്നു. മുടി തഴച്ച് വളരാൻ ഉലുവ ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നതാണ് താഴേ പറയുന്നത്.
ഒന്ന്…
മൂന്ന് ടേബിൾസ്പൂൺ ഉലുവ വിത്തുകൾ തണുത്ത വെള്ളത്തിൽ ഒരു രാത്രി മുഴുവൻ കുതിർത്തി വയ്ക്കുക. അടുത്തദിവസം രാവിലെ, അവ ഒരു മിക്സറിലിട്ട് നന്നായി അരച്ചെടുത്ത് പേസ്റ്റാക്കി മാറ്റുക. ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ നാരങ്ങ നീര് ചേർത്ത് കൂട്ടിയോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും ഉടനീളം പുരട്ടി വയ്ക്കാം. 30 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക.
രണ്ട്…
മുടിയുടെ അറ്റം പിളരുന്നതിൻ്റെ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും അകാല നരയുടെ ലക്ഷണങ്ങളെ അകറ്റുന്നതിനുമായി വെളിച്ചെണ്ണ യോടൊപ്പം ഉലുവ ചേർത്ത് ഉപയോഗിക്കാം. 3 – 4 ടേബിൾസ്പൂൺ ഉലുവ വെയിലത്തു വച്ച് ഉണക്കിയെടുത്ത ശേഷം മിക്സിയിൽ പൊടിച്ചെടുക്കുക. ശേഷം നാല് ടേബിൾസ്പൂൺ ചെറുചൂടുള്ള വെളിച്ചെണ്ണയോടൊപ്പം ഇത് മിക്സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. നിങ്ങളുടെ മുടിയുടെ വേരു മുതൽ അറ്റം വരെ ഇത് നന്നായി തേച്ചുപുരട്ടുക. 15 മിനുട്ട് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം. മുടികൊഴിച്ചിൽ കുറയ്ക്കാൻ ഈ പാക്ക് സഹായിക്കും.
മൂന്ന്…
കുതിർത്ത ഉലുവയും കറിവേപ്പിലയും ചേർത്തരച്ച് മുടിയിൽ പുരട്ടുക. ഇതു മുടി വളർച്ചയെ സഹായിക്കുമെന്നു മാത്രമല്ല, മുടിയ്ക്കു കറുപ്പ് നിറം നൽകാനും സഹായിക്കും. അകാലനര ഒഴിവാക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്.