തിരുവനന്തപുരം∙ സംസ്ഥാനത്ത് ശമനമില്ലാതെ പകർച്ചപ്പനി പടരുന്നു. ബുധനാഴ്ച പനി ബാധിച്ച് നാലുവയസ്സുകാരി ഉള്‍പ്പെടെ 5 പേർ മരിച്ചു. ഇതില്‍ നാലുപേരുടെ മരണം ഡെങ്കിപ്പനി ബാധിച്ചും ഒരാളുടേത് എച്ച്1എൻ1 ബാധിച്ചുമാണെന്നാണ് ആരോഗ്യവകുപ്പിന്റെ സംശയം. 12,776 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.138 പേർക്ക് ഡെങ്കിയും 13 പേർക്ക് എലിപ്പനിയും നാലുപേർക്ക് എച്ച്1എൻ1ഉം സ്ഥിരീകരിച്ചു. മലപ്പുറത്ത് 2201 പേരും കോഴിക്കോട്ട് 1353 പേരും എറണാകുളത്ത് 1152 പേരും തിരുവനന്തപുരത്ത് 1049 പേരും ചികിത്സ തേടി. എടയൂർകുന്ന് ഗവ. എൽപി സ്കൂൾ എൽകെജി വിദ്യാർഥിനി രുദ്രയാണു മരിച്ച നാലുവയസ്സുകാരി. വെന്റിലേറ്ററിലായിരുന്ന കുട്ടി ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.
പനി പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് കോൾസെന്ററുകൾ തുടങ്ങി. 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. വിളിക്കേണ്ട നമ്പരുകൾ– 104, 1056, 0471–2552056. പ്രമേഹം, രക്താതിമർദം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവർ പകർച്ചപ്പനി ബാധിച്ചാൽ ഗുരുതരമാകാതെ നോക്കണമെന്നും ഇവർക്ക് പനി ബാധിച്ചാൽ എത്രയും വേഗം ചികിത്സ തേടി ഏത് പനിയാണെന്ന് ഉറപ്പിക്കണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു