സൂറിച്ച് : ഫിഫ ദി ബെസ്റ്റ് പുരസ്കാരം 2022 ആര്‍ക്കെന്ന് ഇന്നറിയാം. ലിയോണല്‍ മെസി, റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, മുഹമ്മദ് സലാ എന്നിവരാണ് പോയ വര്‍ഷത്തെ മികച്ച ഫുട്ബോൾ താരമാകാന്‍ മത്സരിക്കുന്നത്. ഇന്ത്യന്‍സമയം രാത്രി 11.30ന് ചടങ്ങുകള്‍ തുടങ്ങും. 2020 ഒക്ടോബര്‍ 8 മുതൽ 2021 ഓഗസ്റ്റ് 7 വരെയുള്ള മത്സരങ്ങളിലെ പ്രകടനം പരിഗണിച്ചാണ് ദി ബെസ്റ്റ് പുരസ്കാരം രാജ്യാന്തര ഫുട്ബോള്‍ സംഘടന നൽകുന്നത്. ദേശീയ ടീം പരിശീലകരും ക്യാപ്റ്റന്മാരും ആരാധകരും സ്പോര്‍ട്സ് ലേഖകരും പങ്കെടുക്കുന്ന വോട്ടെടുപ്പിൽ മേൽക്കൈ ലിയോണൽ മെസിക്ക് എന്നാണ് വിലയിരുത്തൽ. കോപ്പ അമേരിക്കയിലെ അര്‍ജന്‍റീനയുടെ കിരീടനേട്ടം ഒന്നുകൊണ്ട് മാത്രം മെസി പുരസ്കാരം നേടിയേക്കും. പിഎസ്ജിയിലെ മെസിയുടെ മങ്ങിയ പ്രകടനം ഫിഫ നിശ്ചയിച്ച സമയപരിധിയിൽ ഉള്‍പ്പെടില്ല എന്നതും ബാലൺ ഡി ഓര്‍ വിജയിക്ക് അനുകൂല ഘടകം.
കഴിഞ്ഞ വര്‍ഷത്തെ ജേതാവായ ബയേൺ മ്യൂണിക്കിന്‍റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിക്ക് ജര്‍മ്മന്‍ ലീഗിലെ റെക്കോര്‍ഡ് ഗോളടിമികവും ക്ലബ്ബ് ലോകകപ്പ്, ബുണ്ടസ് ലിഗ വിജയങ്ങളുമാണ് കരുത്ത്. പട്ടികയിൽ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്‍റെ ഏക പ്രതിനിധിയായ മുഹമ്മദ് സലാ വോട്ടെടുപ്പിൽ മൂന്നാം സ്ഥാനത്ത് എത്താനാണ് സാധ്യത.
ഇനി മൂന്ന് പേരുടെയും പോയ വര്‍ഷത്തെ റെക്കോര്‍ഡ് കൂടി നോക്കാം. മെസിക്ക് 57 മത്സരങ്ങളില്‍ 43 ഗോള്‍, 17 അസിസ്റ്റ്. ലെവന്‍ഡോവ്സകിക്ക് 44 കളിയിൽ 51 ഗോളും 8 അസിസ്റ്റും സലായ്ക്ക് 45 കളിയിൽ 26 ഗോളും 6 അസിസ്റ്റും. മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം മെസിക്ക് 33, ലെവന്‍ഡോവ്സ്കിക്ക് 16, സലായ്ക്ക് 3. അതായത് മെസിയും ലെവന്‍ഡോവ്സ്കിയും തമ്മിലാണ് മത്സരം. രണ്ട് തവണ ദി ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേട്ടത്തിനൊപ്പം എത്തുക കൂടി ലക്ഷ്യമിടുന്നുണ്ട് മെസിയും ലെവന്‍ഡോവ്സ്കിയും.