ലക്നൗ : ഉത്തർപ്രദേശിലെ 12 ജില്ലകളിലെ 61 മണ്ഡലങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 692 സ്ഥാനാർഥികള്‍ മാറ്റുരയ്ക്കുന്ന അഞ്ചാം ഘട്ടത്തിൽ 2.24 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. മാർച്ച് 3, 7 തീയതികളിലാണ് അടുത്ത ഘട്ടങ്ങൾ. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, മന്ത്രിമാരായ സിദ്ധാർഥ് നാഥ് സിങ്, രാജേന്ദ്ര പ്രതാപ് സിങ് (മോത്തി സിങ്), നന്ദ് ഗോപാൽ ഗുപ്ത, രമാപതി ശാസ്ത്രി എന്നിവരാണു മത്സരരംഗത്തുള്ള പ്രമുഖർ. കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ അമ്മയും അപ്നാദൾ (കെ) നേതാവുമായ കൃഷ്ണ പട്ടേലും മത്സരിക്കുന്നുണ്ട്. 2017ലെ തിരഞ്ഞെടുപ്പിൽ ഇവിടെയുള്ള 61ൽ 50 സീറ്റുകളും ബിജെപിയും സഖ്യകക്ഷികളും നേടിയിരുന്നു.
ബിജെപിയുടെ സ്മൃതി ഇറാനിയിലൂടെ കോൺഗ്രസിന് പ്രതാപം നഷ്ടമായ അമേഠി, ബിജെപിക്കു പ്രബല സ്വാധീനമുള്ള അയോധ്യയുമാണ് തിരഞ്ഞെടുപ്പ് നടക്കുന്ന ശ്രദ്ധേയ മണ്ഡലങ്ങൾ. സഞ്ജയ് സിങ്ങാണ് അമേഠിയിലെ ബിജെപി സ്ഥാനാർഥി. ആശിഷ് ശുക്ലയാണ് കോൺഗ്രസ് സ്ഥാനാർഥി. അയോധ്യയിൽ വി.പി.ഗുപ്തയാണ് ബിജെപി സ്ഥാനാർഥി. പവൻ പാണ്ഡെയാണ് സമാജ്‌വാദി പാർട്ടി സ്ഥാനാർഥി.