നെയ്യാറ്റിൻകര : ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അമ്പത്തിയാറുകാരന് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 3 മാസം കൂടി വെറും തടവ് അനുഭവിക്കണം. മണ്ണൂർക്കര നെല്ലിക്കുന്ന് കോളനി അനിത ഭവനിൽ സോമനെ നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി വി. ഉദയകുമാറാണ് ശിക്ഷിച്ചത്. 2013ൽ ആണു സംഭവം. പിതാവിന്റെ അകാല വേർപാടിനെ തുടർന്ന് മാതാവിന്റെ സംരക്ഷണയിൽ വളരുകയായിരുന്ന പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചുവെന്നും പിന്നീട് ഭീഷണിപ്പെടുത്തി മറച്ചു വയ്ക്കാൻ ശ്രമിച്ചുവെന്നുമാണു കേസ്. തന്നെയും മാതാവിനെയും കൊലപ്പെടുത്തുമെന്ന ഭീഷണിയുണ്ടായിരുന്നതിനാൽ പെൺകുട്ടി തുടക്കത്തിൽ പരാതി പറഞ്ഞില്ല. പിന്നീട് മറ്റൊരു സംഭവത്തിൽ കൗൺസലിങ്ങിനു വിധേയമാക്കിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അജിത്ത് തങ്കയ്യ ഹാജരായി.