ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം. പുതുവത്സരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി തുടരുമെന്ന് നാം പ്രതിജ്ഞ ചെയ്യണമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു. ‘ഈ വര്‍ഷത്തെ അവസാനത്തെ മന്‍ കി ബാത്ത് ആണിത്. ഇനി ഞാന്‍ നിങ്ങളോട് സംസാരിക്കുക അടുത്ത വര്‍ഷമായിരിക്കും. പുതുവര്‍ഷത്തില്‍ നമുക്ക് സ്വയം നവീകരിക്കുകയും രാഷ്ട്രത്തിന്റെ പുരോഗതിക്കും നമ്മുടെ ജനങ്ങളുടെ ശാക്തീകരണത്തിനുമായി പ്രവര്‍ത്തിക്കുകയും ചെയ്യാം’, പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച് അറിയാനുള്ള കൗതുകം ആളുകള്‍ക്ക് കൂടിവരികയാണ്. ലോകത്തിലെ പല രാജ്യങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ നമ്മുടെ സംസ്‌കാരത്തെ അറിയാനും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും ശ്രമിക്കുന്നു. വരും വര്‍ഷം വായനയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഈ വര്‍ഷം വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ എല്ലാവരും തയ്യാറാവണം. ഇത് 2022 ല്‍ വായിക്കാനുള്ള പുസ്തകങ്ങള്‍ കണ്ടുപിടിക്കാന്‍ മറ്റുള്ളവര്‍ക്ക് സഹായമാവും.
സൈനിക ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിനെയും മറ്റ് സൈനികരെയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഓഗസ്റ്റില്‍ ശൗര്യ ചക്ര സ്വീകരിച്ച ശേഷം ക്യാപ്റ്റന്‍ വരുണ്‍ സിങ് തന്റെ സ്‌കൂള്‍ പ്രിന്‍സിപ്പലിന് അയച്ച കത്ത് പ്രധാനമന്ത്രി വായിച്ചു. ഒരു കുട്ടിയെ എങ്കിലും സ്വാധീനിക്കാന്‍ കഴിഞ്ഞാല്‍ അത് തനിക്ക് വലിയ കാര്യമാണെന്ന് വരുണ്‍ സിങ് ആ കത്തില്‍ എഴുതിയിരുന്നു. എന്നാല്‍ അദ്ദേഹമിപ്പോള്‍ രാജ്യത്തെ മുഴുവന്‍ പ്രചോദിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.