ചണ്ഡിഗഡ് : പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സീറ്റ് വിഭജനത്തെ ചൊല്ലി കര്‍ഷക സംഘടനകള്‍ തമ്മില്‍ അഭിപ്രായഭിന്നത. ഗുര്‍നാം സിങ് ചാദുനിയുടെ സംയുക്ത സംഘര്‍ഷ് പാര്‍ട്ടിയും (എസ്എസ്പി) ബല്‍ബീര്‍ സിങ് രജേവാളിന്റെ സംയുക്ത് സമാജ് മോര്‍ച്ചയും (എസ്എസ്എം) തമ്മിലുള്ള സീറ്റ് ചര്‍ച്ചയാണ് പൊളിഞ്ഞത്. തിരഞ്ഞെടുപ്പില്‍ 25 സീറ്റ് വേണമെന്നാണ് ചാദുനി ആവശ്യപ്പെടുന്നത്. എന്നാല്‍ 9 സീറ്റ് മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് രജേവാള്‍ ഘടകത്തിന്റെ നിലപാട്. ജനുവരി 9ന് ആണ് ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് വിഭജന ചര്‍ച്ച നടത്തിയത്. ചാദുനിയുടെ എസ്എസ്പിയില്‍ അഞ്ച് സംഘടനകളാണുള്ളത്. അര്‍ഹമായ പരിഗണന നല്‍കിയില്ലെങ്കില്‍ ഒറ്റയ്ക്ക് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമെന്ന് ചാദുനി പറഞ്ഞു. ‘കഴിഞ്ഞ ആറു മാസമായി തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ്. 40-50 സീറ്റുകളിലേക്ക് ഞങ്ങള്‍ക്ക് സ്ഥാനാര്‍ഥികളുണ്ട്. എന്നാല്‍ എസ്എസ്എം ഞങ്ങളെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്’- ചാദുനി പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും എസ്എസ്എമ്മും തമ്മില്‍ നടത്തിയ സീറ്റ് വിഭജന ചര്‍ച്ചയും പൊളിഞ്ഞിരുന്നു. 60 സീറ്റ് വേണമെന്നാണ് ബല്‍ബീര്‍ സിങ് രജേവാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 15 സീറ്റ് നല്‍കാമെന്നായിരുന്നു കേജ്രിവാളിന്റെ വാഗ്ദാനം. ഇതോടെ ചര്‍ച്ച പാളുകയായിരുന്നു. എസ്എസ്എം ഒറ്റയ്ക്കു മത്സരിച്ചാല്‍ എഎപി വോട്ടുകളെ അതു ബാധിക്കുമെന്നും കേജ്രിവാള്‍ പറഞ്ഞു. ഫെബ്രുവരി 14-നാണ് പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. മാര്‍ച്ച് 10-ന് വോട്ടെണ്ണല്‍.