തൃശൂര്‍: സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നേടി ജില്ലയ്ക്ക് അഭിമാനമായി കൊടുങ്ങല്ലൂര്‍ ഡി വൈ എസ് പി സലീഷ് എന്‍ ശങ്കരന്‍. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രം അഭിനയിച്ച സിനിമാ നടന്‍ കൂടിയാണ് സലീഷ്. 1998 ലാണ് സലീഷ് പൊലീസ് കോണ്‍സ്റ്റബിളായി കെ എ പി രണ്ടാം ബറ്റാലിയനില്‍ കേരള പൊലീസില്‍ ജോലിക്ക് കയറിയത്. 2003 ല്‍ നേരിട്ട് സബ് ഇന്‍സ്‌പെക്ടര്‍ ആയി. 2010 ല്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസായി പ്രമോഷന്‍ ലഭിച്ചു. 11 വര്‍ഷത്തെ സേവനത്തിനുശേഷം 2021 ല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി പ്രമോഷനായി. വടകര സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി ആയി നിയമിതനായ ശേഷം അവിടെനിന്നും കൊടുങ്ങല്ലൂര്‍ ഡി വൈ എസ് പി ആയി ജോയിന്‍ ചെയ്തു.ശങ്കരന്‍ – നളിനി ദമ്പതികളുടെ മകനാണ് സലീഷ് എന്‍ ശങ്കരന്‍. നിഷിയാണ് ഭാര്യ. ജിതിനും ഇക്‌സോറയുമാണ് മക്കള്‍. ഇതുവരെയുള്ള സര്‍വീസ് കാലയളവില്‍ 128 ഗുഡ് സര്‍വീസ് എന്‍ട്രിയും 2013 ല്‍ സ്തുത്യര്‍ഹ സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡലും 2016 ല്‍ കുറ്റാന്വേഷണ മികവിന് ഡി ജി പിയുടെ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചിട്ടുണ്ട്. കേരളത്തില്‍നിന്നും സ്തുത്യര്‍ഹ സേവനത്തിന് മെഡല്‍ നേടിയ പതിനൊന്നു പേരില്‍ ഒരാളാണ് സലീഷ്.
വിശിഷ്ട സേവനത്തിന് മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് മെഡല്‍. സ്തുത്യര്‍ഹമായ സേവനത്തിനുള്ള അവാര്‍ഡിന് ഐ ജി എ അക്ബര്‍ ഉള്‍പ്പെടെ കേരളത്തില്‍നിന്നുള്ള പതിനൊന്നുപേര്‍ അര്‍ഹരായി. രാജ്യത്താകെ 1132 പേര്‍ക്കാണ് പുരസ്‌കാരം. എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാഥവ്, എ ഡി ജി പി ഗോപോഷ് അഗര്‍വാള്‍ ഹെഡ്‌ഗെ എന്നിവര്‍ വിശിഷ്ട സേവനത്തിന്റെ പുരസ്‌കാരങ്ങള്‍ നേടി. അഗ്‌നിശമന സേനയില്‍ നിന്ന് വിജയകുമാര്‍ എഫും വിശിഷ്ട സേവന പുരസ്‌കാരത്തിന് അര്‍ഹനായി.