ഹൗറ: പശ്ചിമ ബംഗാളിലെ ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനിടെ കവർച്ച സംഘത്തിന്‍റെ വേടിയേറ്റ് ഝാർഖണ്ഡിൽനിന്നുള്ള നടി റിയാകുമാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സിനിമ നിർമാതാവായ ഭർത്താവ് പ്രകാശ് കുമാറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ഹൗറ ജില്ലയിൽ ബുധനാഴ്ച രാവിലെയാണ് നടി പോയിന്റ് ബ്ലാങ്കിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. നടിയുടെ കുടുംബം പ്രകാശിനും സഹോദരങ്ങൾക്കും എതിരെ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. പ്രകാശിന്‍റെ മൊഴിയിൽ പൊരുത്തക്കേട് തോന്നിയ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
പ്രകാശ് പല ക്രിമിനൽ കേസുകളിലും പ്രതിയാണ്. മൂന്നു വയസുള്ള മകൾക്കും ഭർത്താവിനുമൊപ്പം റാഞ്ചിയിൽനിന്ന് കാറിൽ കൊൽക്കത്തയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് സംഭവം. യാത്രാമധ്യേ കാലത്ത് മാഹിഷ്‌രേഖക്കു സമീപം കാർ നിർത്തി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയപ്പോൾ മൂന്നംഘ സംഘം തന്നെ ആക്രമിച്ചെന്നാണ് പ്രകാശ് പൊലീസിന് മൊഴി നൽകിയത്. രക്ഷിക്കാൻ ഓടിയെത്തിയപ്പോഴാണ് റിയാകുമാരിക്ക് വെടിയേറ്റതെന്നും പറയുന്നു.
എന്നാൽ, ഈ മൊഴിയിലെ വിവരങ്ങൾ വിശ്വസനീയമല്ലെന്നാണ് പൊലീസ് കരുതുന്നത്. ആക്രമികൾ പ്രകാശ്കുമാറുമായി ബന്ധമുള്ളവരാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പരിക്കേറ്റ റിയയുമായി മൂന്നുകിലോമീറ്റർ കാർ ഓടിച്ചശേഷമാണ് പ്രകാശ് ഉലുബെരിയ എസ്.സി.സി. മെഡിക്കൽ കോളജിൽ അവരെ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഇഷ ആല്യ എന്നാണ് സിനിമാലോകത്ത് റിയാ കുമാരി അറിയപ്പെടുന്നത്.