ഭോപ്പാൽ : മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ പെഞ്ച് ടൈഗർ റിസർവിൽ 29 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ കോളാർവാലി എന്നറിയപ്പെടുന്ന ടി 15 കടുവ ചത്തു. പ്രായാധിക്യം മൂലമുള്ള അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. 16 വയസ്സുള്ള കോളർവാലി 2008 മുതൽ 2018 വരെ 11 വർഷത്തിനിടെ 29 കുട്ടികൾക്കാണ് ജന്മം നൽകിയത്. ഇതിൽ 25 കുഞ്ഞുങ്ങൾ അതിജീവിച്ചതായി അധികൃതർ പറഞ്ഞു. ക്ഷീണിതയായി കിടക്കുന്ന നിലയിൽ ജനുവരി 14 നാണ് കടുവയെ കണ്ടെത്തിയത്. നടക്കാനുള്ള ബുദ്ധിമുട്ടും പ്രായാധിക്യവും മൂലം അവശനിലയിലായിരുന്ന കടുവയെ ഡോക്ടർമാരുടെ നിരീക്ഷണത്തിലാക്കി.
ശനിയാഴ്ച വൈകുന്നേരം 6.15 ഓടെ മരണം സംഭവിക്കുകയായിരുന്നുവെന്ന റിസർവ് ഫീൽഡ് ഡയറക്ടർ അലോക് മിശ്ര പ്രതികരിച്ചു. പ്രായാധിക്യം മൂലം ആന്തരികാവയവങ്ങൾ തകരാറിലായതാണ് കടുവയുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരം ലഭ്യമാകുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു. സഞ്ചാരപാത മനസിലാക്കുന്നതിനായി കടുവയിൽ റേഡിയോ കോളർ ഘടിപ്പിച്ചിരുന്നു. ഇതിന്റെ പ്രവർത്തനം നിലച്ചതോടെ 2010 ൽ വീണ്ടും മാറ്റി പുതിയവ സ്ഥാപിക്കേണ്ടതായി വന്നു. ടൂറിസ്റ്റുകൾക്കിടയിൽ പ്രസിദ്ധയായിരുന്നു കോളർവാലി. ടി 7 എന്നറിയപ്പെടുന്ന കടുവയുടെ കുഞ്ഞാണ് കോളർവാലി. 2008 ൽ കടുവ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും അവ ചത്തു.
2010 ഒക്ടോബറിൽ അഞ്ചു കടുവകൾക്ക് ജന്മം നൽകുന്നതോടെയാണ് മൃഗസ്നേഹികൾക്കിടയിൽ കോളർവാലി പ്രിയങ്കരിയാവുന്നത്. കടുവകൾ ഒരേ വനപ്രദേശത്ത് തുടരുന്നത് അപൂർവമാണ്. എന്നാൽ ഒരേ പ്രദേശത്ത് 16 വർഷം തുടർച്ചയായി താമസിച്ച റെക്കോഡിന്റെ ഉടമയാണ് കോളർവാലി. മധ്യപ്രദേശിലെ കടുവകളുടെ എണ്ണത്തിൽ വർധനവുണ്ടായത് കോളർവാലിയിലൂടെയാണ്.മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കടുവയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. മധ്യപ്രദേശിലെ കാടുകൾ പെഞ്ച് കടുവാ സങ്കേതത്തിലെ രാജ്ഞിയുടെ കുഞ്ഞുങ്ങളുടെ ഗർജ്ജനത്താൽ പ്രതിധ്വനിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.