ചേലക്കര: തൃശൂർ പൂരം കലക്കലിനെ ചൊല്ലിയുള്ള രാഷ്ട്രീയ ചർച്ചകൾ തുടരുന്നതിനിടെ ചേലക്കരയിലും ഒരു പൂരം കലക്കൽ വിവാദം ശക്തമായ തെരഞ്ഞെടുപ്പ് വിഷയമായി ഉയരുകയാണ്. ചേലക്കരയിലെ പ്രശസ്തമായ അന്തിമഹാകാളൻ കാവിലെ വെടിക്കെട്ട് രണ്ടുവർഷമായി മുടങ്ങിയിട്ടും ദേവസ്വം മന്ത്രിയായിരുന്ന സ്ഥലം എംഎൽഎ കെ രാധാകൃഷ്ണൻ ഇടപെട്ടില്ലെന്നാണ് യുഡിഎഫും ബിജെപിയും ഉയർത്തുന്ന ആരോപണം. വൈകാരിക വിഷയം ഉയർത്തി വോട്ടു തേടാനുള്ള പ്രതിപക്ഷ നീക്കത്തിൽ തൽക്കാലം പരസ്യപ്രതികരണങ്ങൾ നടത്തി കാര്യങ്ങൾ കൂടുതൽ വഷളാക്കേണ്ടത് ഇല്ലെന്ന് തീരുമാനത്തിലാണ് സിപിഎം.
തൃശൂർ പൂരം കലക്കിയത് പിണറായി നേരിട്ട് എഡിജിപി അജിത് കുമാറിനെ വെച്ചാണെങ്കിൽ ദേവസ്വം മന്ത്രി നേരിട്ട് ക്ഷേത്രത്തിലെ ഉത്സവം നടത്താതിരിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്തതിനുള്ള മറുപടി വിശ്വാസികൾ നൽകുമെന്നാണ് യുഡിഎഫ് നേതാവ് വിപി സജീന്ദ്രൻ പറയുന്നത്. ബോധപൂർവ്വം സിപിഎം നേതാക്കൾ പ്രത്യേകിച്ച് രാധാകൃഷ്ണൻ പൊലീസിനെ ഉപയോഗിച്ച് വെടിക്കെട്ട് മുടക്കി പൂരം അലങ്കോലപ്പെടുത്തിയെന്നാണ് ബിജെപി നേതാവ് കെകെ അനീഷ് കുമാർ ആരോപിക്കുന്നത്.
അതേസമയം, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ രാധാകൃഷ്ണന് ഭൂരിപക്ഷം കുറയുന്നതിന് കാരണം അന്തിമഹാകാളൻ കാവിലെ വെടിവെപ്പ് മുടങ്ങിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണെന്ന തിരിച്ചറിവ് സിപിഎമ്മിനുണ്ട്. അതുകൊണ്ടുതന്നെ വിവാദങ്ങളിൽ പ്രതികരിക്കേണ്ടെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിൻ്റെ തീരുമാനം. രാധാകൃഷ്ണനെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് പറയുന്ന സിപിഎം മാനദണ്ഡങ്ങൾ പാലിക്കാത്തത് കൊണ്ടാണ് വെടിക്കെട്ട് മുടങ്ങിയതെന്നാണ് വിശദീകരിക്കുന്നത്.