ന്യൂഡൽഹി: ഇന്ത്യ-ഗൾഫ്-യൂറോപ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് ജി20 ഉച്ചകോടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക ഇടനാഴി കണക്ടിവിറ്റിയേയും സുസ്ഥിര വികസനത്തേയും മറ്റൊരു തലത്തിലേക്ക് ഉയർത്തുമെന്ന് മോദി പറഞ്ഞു. രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയാണ് ഇടനാഴിയുടെ പ്രാഥമിക ദൗത്യം.വരും കാലങ്ങളിൽ ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ് എന്നിവയുടെ സാമ്പത്തിക ഏകീകരണത്തിനുള്ള മാധ്യമമായി ഇടനാഴി മാറും. വികസന യാത്രയിൽ കണക്ടിവിറ്റിക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ഇന്ത്യ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും മോദി പറഞ്ഞു.
ഇന്ത്യ-ഗൾഫ്-യൂറോപ് സാമ്പത്തിക ഇടനാഴിയെ യു.എസ് പ്രസിഡന്റ് ജോ ബൈഡനും പ്രകീർത്തിച്ചു. സുസ്ഥിരവും ദൃഢവുമായ വികസനം അടിസ്ഥാന സൗകര്യമേഖലയിൽ കൊണ്ടു വരികയാണ് നമ്മുടെ ലക്ഷ്യം. നല്ല നാളെക്കായി കൂടുതൽ ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുകയും നമ്മുടെ ലക്ഷ്യമാണ്. ഇതിനായാണ് കഴിഞ്ഞ വർഷം നമ്മൾ ഒന്നിച്ചത്. ഇന്ന് യു.എസും ഞങ്ങളുടെ പങ്കാളികളും സാമ്പത്തിക ഇടനാഴി യാഥാർഥ്യമാക്കാൻ ഒന്നിക്കുകയാണെന്നും ബൈഡൻ പറഞ്ഞു.
സാമ്പത്തിക ഇടനാഴിക്കായി പണം മുടക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പറഞ്ഞു. ഏഷ്യയിൽ നിന്ന് മിഡിൽ ഈസ്റ്റ് വഴി യുറോപ്പിലേക്ക് അവസരങ്ങളുടെ സാധ്യതകളാണ് പദ്ധതിയിലൂടെ തുറക്കപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജർമ്മനി, ഇറ്റലി, യുറോപ്യൻ കമീഷൻ പ്രസിഡന്റ് തുടങ്ങിയവരെല്ലാം പദ്ധതിയെ സ്വാഗതം ചെയ്തിട്ടുണ്ട്.